ഹൈദരാബാദ്: പരിഷ്‌കരിച്ച മോട്ടോര്‍ വാഹനനിയമ പ്രകാരം ഗതാഗതനിയമലംഘനങ്ങള്‍ക്ക് വന്‍തുക പിഴയായി ഈടാക്കുന്നതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്. എന്നാല്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരില്‍നിന്ന് വന്‍തുക പിഴ ഈടാക്കുന്നതിനു പകരം അവര്‍ക്ക് സഹായവുമായി രംഗത്തെത്തി മാതൃകയാവുകയാണ് ഗ്രേറ്റര്‍ ഹൈദരാബാദ് രചകൊണ്ടാ പോലീസ്.
ഹെല്‍മെറ്റ് ധരിക്കാതെ വരുന്നവര്‍ക്ക് ഫൈനടിക്കുന്നതിനു പകരം അവര്‍ക്ക് അവിടെവച്ചു തന്നെ ഹെല്‍മെറ്റ് വാങ്ങാനുള്ള സൗകര്യം നല്‍കുക, മതിയായ രേഖകള്‍ ഇല്ലാതെ വരുന്നവര്‍ക്ക് അവയും അവിടെവച്ചു തന്നെ ലഭ്യമാക്കാനുള്ള സൗകര്യം നല്‍കുക, ലൈസന്‍സില്ലാതെ എത്തുന്നവര്‍ക്ക് പിടിക്കപ്പെടുന്നിടത്ത് വെച്ചു തന്നെ, ലൈസന്‍സിനു വേണ്ടി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങളാണ് രചകൊണ്ടയിലെ ട്രാഫിക് പോലീസുകാര്‍ ചെയ്യുന്നത്. പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവര്‍ക്ക് അക്കാര്യം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ മെഷീന്‍ സ്ഥാപിച്ചിട്ടുള്ള വാനും പോലീസുകാര്‍ സജ്ജമാക്കിയിട്ടുണ്ട്.
ഒരിക്കല്‍ ഗതാഗത നിയമം ലംഘിച്ചവര്‍ അത് വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് പോലീസ് ഇത്തരമൊരു നീക്കം നടത്തുന്നത്. ശനിയാഴ്ച ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (ട്രാഫിക്) ദിവ്യ ചരണ്‍ റാവുവാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പിഴയീടാക്കുന്നതിനു പകരം സഹായഹസ്തം നീട്ടുന്ന പോലീസുകാര്‍ക്കു നേരെ സാമൂഹികമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണുള്ളത്. തെലങ്കാന നഗരവികസന-മുന്‍സിപ്പല്‍ അഡ്മിനിസട്രേഷന്‍ മന്ത്രി കെ ടി രാമറാവു ഉള്‍പ്പെടെയുള്ളവരും പോലീസിന്റെ നീക്കത്തെ അഭിനന്ദിച്ചവരില്‍ ഉള്‍പ്പെടുന്നു.
content highlights: innovative idea of hydarabad police for traffic rule violators
Share this Article
Related Topics