ന്യൂഡല്‍ഹി: ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ മുതലെടുക്കാന്‍ ഭീകര സംഘടനയായ ഐ.എസ് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. ഐ.എസ്. ബന്ധം സംശയിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത ആഷിക് അഹമ്മദ്, മുഹമ്മദ് അബ്ദുല്‍ അഹാദ്, മുഹമ്മദ് അഫ്സല്‍ എന്നിവര്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധ പ്രകടനങ്ങളില്‍ നുഴഞ്ഞുകയറാനും വാഹനങ്ങള്‍ക്ക് തീവെക്കാനും തീവ്രവാദി നേതാക്കള്‍ ആഹ്വാനം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇന്ത്യയിലെ ഐ.എസ് തലവനായിരുന്ന ഷാഫി അര്‍മാറാണ് ഇതുസംബന്ധിച്ച ആഹ്വാനം നല്‍കിയത് എന്നാണ് എന്‍.ഐ.എയുടെ നിഗമനം. അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അര്‍മാര്‍ അടുത്തിടെ കൊല്ലപ്പെട്ടുവെന്നാണ് വിവരം. വിദ്യാര്‍ഥി പ്രക്ഷോഭം മുതലെടുത്ത് രാജ്യത്ത് വന്‍തോതില്‍ അക്രമം നടത്താനാണ് ഐ.എസ് പദ്ധതിയിട്ടതെന്ന് കരുതുന്നു.