ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹിയെന്നും തീവ്രവാദിയെന്നും വിഘടനവാദിയെന്നുമൊക്കെ എതിരാളികള്‍ പലതവണ വിളിച്ചിട്ടുണ്ട്. ഇപ്പോഴിതാ കനയ്യകുമാറിനെതിരെ വാര്‍ത്താ സമ്മേളനം നടത്തി പണികിട്ടിയിരിക്കുകയാണ് വീര്‍സേനയെന്ന ഹിന്ദുസംഘടന.
ജെ.എന്‍.യുവില്‍ ഡോക്ടറേറ്റിന് പഠിക്കുന്ന കനയ്യകുമാര്‍ ഡോക്ടറായാല്‍ രോഗികളെ എങ്ങനെ ചികിത്സിക്കുമെന്ന ആശങ്കയിലാണ് ഇവര്‍. എപ്രില്‍ 23ന് മുംബൈയില്‍ കനയ്യ നടത്താനിരിക്കുന്ന പ്രസംഗം തടയുമെന്ന് പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വീര്‍സേന അബദ്ധം വിളമ്പിയത്.
"ജെ.എന്‍.യുവില്‍ അവന്‍ (കനയ്യ കുമാര്‍) പിഎച്ച്ഡി എടുക്കുകയാണെന്ന് ഞങ്ങള്‍ അറിഞ്ഞു. രാജ്യത്തെ വിഭജിക്കുമെന്ന ഭീഷണി മുഴക്കുകയാണവന്‍. ഇവനെ പോലൊരാള്‍ ഡോക്ടറായിത്തീര്‍ന്നാല്‍ അവനെ സമീപിക്കുന്ന രോഗികളെ എങ്ങനെയായിരിക്കും ശുശ്രൂഷിക്കുക?" വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വീര്‍സേന നേതാവ് നിരഞ്ജന്‍ പാലിന്റെ ആക്രോശം ഇവ്വിധമായിരുന്നു.
കനയ്യകുമാര്‍ മുംബൈയില്‍ സംസാരിക്കുന്നത് നഗരത്തിന്റെ അന്തരീക്ഷത്തെ തകര്‍ക്കുമെന്നും ഹിന്ദു ജാഗൃതി സമിതി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ വീര്‍സേന നേതാക്കള്‍ പറഞ്ഞു.
ഡോക്ടര്‍ കനയ്യകുമാറിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഹിന്ദു ഗോവന്‍ഷ് രക്ഷാ സമിതി നേതാവ് വൈഭവ് റാവുത്തിന്റെ ഭീഷണി.
കനയ്യകുമാര്‍ സാഹിത്യത്തിലാണ് ഡോക്ടറേറ്റ് എടുക്കുന്നതെന്നും അത് വൈദ്യം പഠിക്കുന്ന ഡോക്ടറല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ പലതവണ ചൂണ്ടിക്കാട്ടിയിട്ടും നിരഞ്ജന്‍ പാല്‍ തിരുത്തിയില്ല.
"അതുകൊണ്ട്? എന്തായാലും ഒരിക്കല്‍ അവന്‍ ഡോക്ടറാവില്ലേ? രോഗികള്‍ അവനെ സമീപിക്കുകയും ചെയ്യും അപ്പോള്‍ അവരെ ചികിത്സിക്കുമോ അതോ ഓപ്പറേഷന്‍ ചെയ്യുമോ?" എന്നായിരുന്നു നിരഞ്ജന്റെ മറുചോദ്യം.