കൊച്ചി: അസംസ്‌കൃത എണ്ണയുടെ വില ഒന്നരവര്‍ഷത്തിനിടെ മൂന്നിലൊന്നായി കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാറിന്റെ ഇരുട്ടടി. ബുധനാഴ്ച ഡീസലിന്റെ എക്‌സൈസ് തീരുവ 1.17 രൂപയും പെട്രോളിന്റെത് 30 പൈസയും വര്‍ധിപ്പിച്ചു.
ബുധനാഴ്ച പെട്രോള്‍, ഡീസല്‍ വില നേരിയതോതില്‍ -ലിറ്ററിന് യഥാക്രമം 50 പൈസയും 46 പൈസയും- എണ്ണക്കമ്പനികള്‍ കുറച്ചിരുന്നു. എന്നാല്‍, തീരുവ ഉയര്‍ത്തിയതോടെ വില കൂടി. അന്താരാഷ്ട്രവിപണിയില്‍ ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 35 ഡോളറില്‍ താഴെയാണ്.
2009 ഫിബ്രവരിക്കുശേഷം വില ഇത്രയും താഴുന്നത് ഇതാദ്യമാണ്. ഒരുവര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണയുടെ വില 50 ശതമാനത്തിലേറെ കുറഞ്ഞിട്ടും പെട്രോളിന് കുറച്ചത് മൂന്നുശതമാനമാണ്. ഡീസലിന് കുറച്ചത് 10 ശതമാനം മാത്രവും.
നികുതിവര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷപാര്‍ട്ടികളൊന്നടങ്കം രംഗത്തുവന്നു. നരേന്ദ്രമോദിസര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത് ആറാംതവണയാണ് തീരുവ വര്‍ധിപ്പിക്കുന്നത്. ഒന്നരമാസത്തിനിടയില്‍ വരുത്തുന്ന രണ്ടാമത്തെ നികുതിവര്‍ധനയാണിത്. 2014 ഏപ്രിലില്‍ ഒരു ലിറ്റര്‍ ഡീസലിനുമേല്‍ 3.65 രൂപയായിരുന്ന എക്‌സൈസ് തീരുവ 11.83 രൂപയായാണ് ഉയര്‍ന്നത്. പെട്രോളിന്റെത് ഈ കാലയളവില്‍ 9.48 രൂപയില്‍നിന്ന് 19.36 രൂപയായി.
സര്‍ക്കാറിന്റെ കറവപ്പശു
* തീരുവ കൂട്ടിയതിലൂടെ ഈ സാന്പത്തികവര്‍ഷം സ്വരൂപിക്കുക 2500 കോടി രൂപ. കഴിഞ്ഞ വര്‍ധനയിലൂടെ സമാഹരിച്ചത് 3200 കോടി
* 2014-15ല്‍ മാത്രം 99,184 കോടി രൂപ തീരുവകൂട്ടി സ്വരൂപിച്ചു
* 20 മാസത്തിനിടെ ഡീസലിന്റെ എക്‌സൈസ് തീരുവയില്‍ 224 ശതമാനം കൂട്ടി; പെട്രോളിന്റെത് 104 ശതമാനവും
* ഈനില തുടര്‍ന്നാല്‍, ഇറക്കുമതിയിനത്തില്‍ ഈ സാമ്പത്തികവര്‍ഷം ലാഭിക്കാനാകുക രണ്ടുലക്ഷം കോടി രൂപ
* കഴിഞ്ഞ സാമ്പത്തികവര്‍ഷം 18.94 കോടി ടണ്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ചെലവഴിച്ചത് 6.87 ലക്ഷം കോടി രൂപ
* ഈ സാമ്പത്തികവര്‍ഷം ഇറക്കുമതി 18.82 കോടി ടണ്ണില്‍ ഒതുങ്ങുമെന്ന് വിലയിരുത്തല്‍. ചെലവ് 4.73 ലക്ഷം കോടി രൂപ
രാജ്യസഭയില്‍ വന്‍ പ്രതിഷേധം
എക്‌സൈസ് തീരുവ കൂട്ടിയതിനെതിരെ രാജ്യസഭയില്‍ ശൂന്യവേളയില്‍ വന്‍പ്രതിഷേധമാണുയര്‍ന്നത്. വിഷയമുയര്‍ത്തി സഭ തടസ്സപ്പെടുത്തരുതെന്നും മറുപടിനല്‍കാന്‍ സമയം വേണമെന്നുമുള്ള മന്ത്രി ജെയ്റ്റ്‌ലിയുടെ ആവശ്യത്തിന് ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ ഇടപെടലിനെത്തുടര്‍ന്ന് പ്രതിപക്ഷം വഴങ്ങി.
ലിറ്ററിന് ചുരുങ്ങിയത് 10 രൂപയെങ്കിലും കുറയ്‌ക്കേണ്ടിടത്താണ് നികുതി കൂട്ടിയതെന്ന് രാജ്യസഭയില്‍ വിഷയമുന്നയിച്ച് പ്രതിപക്ഷം കുറ്റപ്പെടുത്തി.
നികുതിപ്പണം വികസനാവശ്യങ്ങള്‍ക്ക് -ജെയ്റ്റ്‌ലി
ഇന്ധനനികുതിയുടെ വലിയൊരുഭാഗം സംസ്ഥാനസര്‍ക്കാറുകള്‍ക്കു പോകുന്നതാണെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഈ നികുതിപ്പണം വികസനാവശ്യങ്ങള്‍ക്കാണു ചെലവഴിക്കുന്നത്. നികുതിയുടെ മറ്റൊരുഭാഗം ദേശീയപാതകള്‍ക്കും ഗ്രാമീണറോഡുകള്‍ക്കുംവേണ്ടി മാത്രമാണു വിനിയോഗിക്കുന്നത്.
മൂന്നാമതൊരു ഭാഗം എണ്ണക്കമ്പനികള്‍ക്കാണ്. വന്‍വില നല്‍കി ഇറക്കുമതിചെയ്യുകയും പിന്നീട് ഇവിടെ വിലകുറച്ചു വില്‍ക്കുകയും ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കും. ഒരുഘട്ടത്തില്‍ എണ്ണക്കമ്പനികളുടെ നഷ്ടം 40,000 കോടി രൂപവരെ എത്തിയിരുന്നു. നികുതിയുടെ നാലാമതൊരു പങ്ക് ധനക്കമ്മി നികത്താനാണു വിനിയോഗിക്കുന്നത്. ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കാതെയാണ് ധനക്കമ്മി കുറയ്ക്കുന്നത്. യു.പി.എ. സര്‍ക്കാര്‍ ചെയ്തതുപോലെ ബജറ്റ് വിഹിതമോ വകുപ്പുകളുടെ ചെലവോ വെട്ടിക്കുറയ്ക്കുന്നില്ല.