പുണെ: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ടി.ഐ.ഐ) അധികൃതര്‍ക്ക് ലഭിച്ച സ്‌ഫോടക വസ്തുക്കളെന്ന് സംശയിക്കുന്നവ നിറച്ച പൊതി പരിഭ്രാന്തി പരത്തി. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന കത്തിനൊപ്പമാണ് പൊതി ലഭിച്ചത്. അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സ്‌ഫോടക വസ്തുക്കളെന്ന് സംശയിക്കുന്നവ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു.
ശനിയാഴ്ച വൈകീട്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുടെ വിലാസത്തില്‍ എത്തിയ സംശയകരമായ പൊതി അധികൃതര്‍ക്ക് ലഭിച്ചത്. കനയ്യ കുമാര്‍ കഴിഞ്ഞമാസം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി സന്ദര്‍ശനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ജെ.എന്‍.യുവില്‍ നടന്ന ചടങ്ങുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥി നേതാവാണ് കനയ്യ കുമാര്‍. കോടതി പിന്നീട് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.