ചെന്നൈ: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ചൊവ്വാഴ്ച പുതുച്ചേരിയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഈ സമയത്ത് രാഷ്ട്രീയം പറയുന്നതിനുപകരം പൂര്‍ണമായും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ദുരിതബാധിതര്‍ക്ക് ആവശ്യമായതത്രയും അവരുടെ കരങ്ങളിലെത്തിച്ചേരുന്നുണ്ടെന്ന് നമ്മള്‍ ഉറപ്പുവരുത്തണം. കഴിയുന്നത്ര പേര്‍ക്ക് സഹായം എത്തിക്കുകയായിരിക്കണം നമ്മുടെ ലക്ഷ്യം'' - അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. രാഷ്ട്രീയം കലര്‍ത്തുന്നുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് രാഹുലിന്റെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇനിയും ആക്കം കൂട്ടണമെന്ന് രാഹുല്‍ പറഞ്ഞു. കടുത്ത പ്രതിസന്ധിയിലൂടെയാണ് ചെന്നൈയും മറ്റ് പ്രളയബാധിത ജില്ലകളും കടന്നുപോകുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇതിനോട് ഇപ്പോഴുള്ളതിലും ശക്തമായ പ്രതികരണമാണ് ഇരു സര്‍ക്കാറുകളില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് - അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തിലെത്തിയ രാഹുല്‍ പുതുച്ചേരിയില്‍നിന്ന് കടലൂരിലേക്ക് പോയി. പിന്നീട് ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളും രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. ജനങ്ങളെ നേരിട്ടു കാണുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്‌നിക്കും തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.
Share this Article
Related Topics