ബെംഗളൂരു: അഴിമതിയാരോപണം നേരിടുന്ന കര്‍ണാടക ലോകായുക്ത തലവന്‍ ജസ്റ്റിസ് വൈ. ഭാസ്‌കര്‍റാവു ഒടുവില്‍ രാജിവെച്ചു. ഗുരുതരമായ അഴിമതിയാരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ 135 ദിവസമായി ഭാസ്‌കര്‍ റാവു അവധിയിലായിരുന്നു. രാജിക്കത്ത് ലോകായുക്ത രജിസ്ട്രാര്‍ വഴി ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് കൈമാറി. രാജി സ്വീകരിച്ചതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ഇദ്ദേഹത്തെ പുറത്താക്കാന്‍ സര്‍ക്കാര്‍ നിയമസഭയില്‍ നീക്കം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി രാജിപ്രഖ്യാപനമുണ്ടായത്.
2013 ഫിബ്രവരിയിലാണ് ജസ്റ്റിസ് ഭാസ്‌കര്‍ റാവു ലോകായുക്തയായി ചുമതലയേറ്റത്. ഇദ്ദേഹത്തിന്റെ ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അഴിമതി തുടച്ചുനീക്കാനായി രൂപവത്കരിക്കപ്പെട്ട ലോകായുക്തയുടെ വിശ്വാസ്യതയെതന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് നീങ്ങിയിരുന്നു. മുന്‍ ഹൈക്കോടതി ജസ്റ്റിസ് കൂടിയായ ഭാസ്‌കര്‍ റാവുവിന്റെ മകന്‍ അശ്വിന്‍ റാവുവും ലോകായുക്ത ഓഫീസിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് അഴിമതിക്കേസ് നേരിടുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് ആരോപണമുയര്‍ന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ അശ്വിന്‍ റാവുവിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ലോകായുക്ത രാജിവെക്കണമെന്ന് പല കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും അദ്ദേഹമതിന് ഒരുക്കമായിരുന്നില്ല. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ഭാസ്‌കര്‍ റാവുവിനെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ലോകായുക്തയെ പുറത്താക്കാനായി പ്രതിപക്ഷത്തിന്റെകൂടെ സഹായത്തോടെ കര്‍ണാടക ലോകായുക്ത നിയമം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയായിരുന്നു.
അഴിമതിയാരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ജൂലായ് 27 മുതല്‍ ഭാസ്‌കര്‍ റാവു അവധിയിലായിരുന്നു. ഡിസംബര്‍ 17-നാണ് അവധി അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ തത്സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടേക്കാമെന്ന ഘട്ടത്തിലാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ലോകായുക്ത തലവനും ഉപലോകായുക്തയും അവധിയില്‍ പ്രവേശിച്ചിരുന്നതിനാല്‍ മാസങ്ങളായി കര്‍ണാടകത്തില്‍ ലോകായുക്ത ഓഫീസ് പ്രവര്‍ത്തനരഹിതമാണ്.
Share this Article
Related Topics