മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊങ്കണ്‍പാത ഇരട്ടിപ്പിക്കലിന്റെ പ്രവൃത്തി തുടങ്ങുന്നു. നവംബര്‍ എട്ടിന് കൊലാഡ് റെയില്‍വേ സ്റ്റേഷനടുത്ത് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇതിന്റെ കല്ലിടല്‍ നിര്‍വഹിക്കും.
റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. റോഹ മുതല്‍ ഉഡുപ്പിക്കുസമീപം തോക്കൂര്‍ വരെയുള്ള 740 കിലോമീറ്ററാണ് കൊങ്കണ്‍ റെയില്‍വേയ്ക്ക് കീഴില്‍വരുന്നത്.
ഈ പാത മുഴുവന്‍ ഇരട്ടിപ്പിക്കാന്‍ 10,450 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.പാത വൈദ്യുതീകരിക്കുന്നതിന്റെ ഉദ്ഘാടനവും എട്ടിന് നടക്കുന്ന ചടങ്ങില്‍ നടക്കും.
കൊലാഡ് മുതല്‍ വീര്‍ റെയില്‍വേസ്റ്റേഷന്‍ വരെയുള്ള പാതയായിരിക്കും ആദ്യം ഇരട്ടിപ്പിക്കുക. തുടര്‍ന്ന് കൊലാഡ്- റോഹ മേഖലയും. റോഹ-വീര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പാത ഇരട്ടിപ്പിക്കലിനുള്ള സ്ഥലമെടുപ്പ് 90 ശതമാനവും നേരത്തേതന്നെ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ബാക്കി 10 ശതമാനം ഉടന്‍ ഏറ്റെടുക്കും.
നിരപ്പായപ്രദേശങ്ങളിലും തുരങ്കങ്ങളുടെയും ജോലികള്‍ ഒരേസമയം തന്നെയായിരിക്കും മുന്നേറുക. നിലവിലുള്ള തുരങ്കത്തില്‍നിന്ന് 50 മീറ്ററെങ്കിലും ദൂരത്തായിരിക്കും പുതിയ തുരങ്കങ്ങള്‍ പണിയുക.
290 കോടി രൂപയാണ് റോഹ-വീര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള 47 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കലിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പനവേലില്‍നിന്ന് റോഹ വരെയുള്ള പാത ഇരട്ടിപ്പിക്കലിന്റെ ജോലി മധ്യ റെയില്‍വേ ഇപ്പോഴും തുടര്‍ന്നുവരികയാണ്. ഇതിന്റെ പകുതിയോളം ജോലി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പെന്‍-റോഹ മേഖലയിലാണ് ഇപ്പോള്‍ പണി നടക്കുന്നത്.
പാത ഇരട്ടിപ്പിക്കലിന് ലോകബാങ്കില്‍നിന്നോ ജൈക്ക(ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി)യില്‍നിന്നോ പണം കണ്ടെത്താനാണ് ശ്രമം. നിലവില്‍ എല്‍.ഐ.സി.യില്‍നിന്ന് പണം കടമെടുക്കാനും കൊങ്കണ്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.
ഘട്ടംഘട്ടമായി നടക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് കൊലാഡ്-വീര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ നടക്കുക. തുടര്‍ന്ന് തോക്കൂര്‍-ബൈന്ദൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പാത ഇരട്ടിപ്പിക്കല്‍ ആരംഭിക്കും. ആയിരം കോടി രൂപയാണ് ഇവിടെ ചെലവുപ്രതീക്ഷിക്കുന്നത്. പാത ഇരട്ടിപ്പിക്കല്‍ മുന്നേറുന്നതോടെ കൊങ്കണ്‍പാതയില്‍ നിലവിലുള്ള വണ്ടികളുടെ വേഗം വര്‍ധിപ്പിക്കാന്‍കഴിയും. കൂടുതല്‍ വണ്ടികള്‍ ഓടിക്കാനും സാധിക്കും. നിലവില്‍ 62 യാത്രാവണ്ടികളാണ് കൊങ്കണ്‍പാതയില്‍ ഓടുന്നത്.
Share this Article
Related Topics