ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃശേഷിയെ ചോദ്യംചെയ്ത് മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തന്‍ എം.എല്‍. ഫോത്തേദാര്‍. രാഹുലിനൊപ്പം സോണിയാഗാന്ധിയുടെയും നേതൃത്വം കോണ്‍ഗ്രസ്സിനുള്ളില്‍ താമസിയാതെ ചോദ്യംചെയ്യപ്പെടുമെന്നും അത് എപ്പോള്‍ സംഭവിക്കും എന്നത് മാത്രമാണ് അറിയാനുള്ളതെന്നും ഫോത്തേദാര്‍ അഭിപ്രായപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രികൂടിയായ ഫോത്തേദാറുടെ പുറത്താനിറങ്ങിരിക്കുന്ന പുസ്തകമായ 'ദി ചിനാര്‍ ലീവ്‌സിലാ'ണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
രാജീവ് ഗാന്ധിയെപ്പോലെത്തന്നെ രാഹുലും രാഷ്ട്രീയത്തില്‍ താത്പര്യമില്ലത്തയാളാണ്. രാഹുലിന് ഒട്ടേറെ പരിമിതികളുമുണ്ട്. രാജീവ് ഗാന്ധിക്ക് ഇന്ദിരാഗാന്ധിയുടെ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും ലഭിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഈ രീതിയില്‍ വാര്‍ത്തെടുക്കപ്പെട്ട നേതാവല്ല.
സോണിയാഗാന്ധിക്ക് പല ഗുണങ്ങളുമുണ്ട്. എന്നാല്‍, രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ അറിയില്ല. രാഹുല്‍ഗാന്ധിയെ രാഷ്ട്രീയത്തില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സോണിയ കാട്ടുന്ന അമിതതാത്പര്യം പാര്‍ട്ടിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട് -ഫോത്തേദാര്‍ പറയുന്നു.
രാഹലിന്റെ നേതൃത്വം രാജ്യം അംഗീകരിക്കില്ല. സോണിയാഗാന്ധിയുടെ മികച്ച കാലഘട്ടം കഴിഞ്ഞു. പാര്‍ട്ടിക്ക് ദിശാബോധം നല്‍കാന്‍ ആരുമില്ല. പാര്‍ട്ടി പാഠങ്ങള്‍ പഠിക്കുന്നുമില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നേതാക്കളെ തീരുമാനിക്കുന്നതില്‍ പാര്‍ട്ടിക്ക് പാളിച്ച പറ്റി. നിയമസഭാ തിരഞ്ഞടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളിലും തെറ്റുപറ്റി.
ഏറ്റവും മികച്ച കോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയിലായിരിക്കണമെന്നില്ല ചരിത്രത്തില്‍ സോണിയാഗാന്ധി സ്ഥാനംപിടിക്കുക. മറിച്ച് ഏറ്റവും കൂടുതല്‍കാലം കോണ്‍ഗ്രസ് അധ്യക്ഷപദവി വഹിച്ച നേതാവെന്ന നിലയിലായിരിക്കുമെന്നും ഫോത്തേദാര്‍ പുസ്തകത്തില്‍ പറയുന്നു.
Share this Article
Related Topics