മൈസൂരു: മണ്ഡ്യരൂപതയുടെ നിയുക്ത അധ്യക്ഷനായ മാര്‍ ആന്റണി കരിയിലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ ഞായറാഴ്ച മൈസൂരുവില്‍ നടക്കും. ഹുന്‍സൂര്‍ റോഡിലുള്ള ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് തലശ്ശേരി ആര്‍ച്ച് ബിഷപ്പും മുന്‍ മണ്ഡ്യ ബിഷപ്പുമായിരുന്ന മാര്‍ ജോര്‍ജ് ഞരളക്കാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോറെ പെനാക്കി, ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ. ബെര്‍ണാഡ് മോറസ്, എന്നിവര്‍ സഹകാര്‍മികരാകും. വൈദികരും സന്യാസിനി സമൂഹവും, വിശ്വാസികളുമടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കുചേരാനെത്തുന്നുണ്ട്. തുടര്‍ന്ന് നിയുക്ത മെത്രാന്റെ നേതൃത്വത്തില്‍ ദിവ്യബലി നടക്കും. വൈകിട്ട് നാലരയ്ക്കു നടക്കുന്ന അനുമോദനസമ്മേളനത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാതിഥിയായിരിക്കും.
2010-ല്‍ രൂപവത്കൃതമായ മണ്ഡ്യ രൂപതയുടെ രണ്ടാമത്തെ ബിഷപ്പാണ് മാര്‍ ആന്റണി കരിയില്‍. ചേര്‍ത്തല സ്വദേശിയായ അദ്ദേഹം 1977-ലാണ് വൈദികവൃത്തിയില്‍ പ്രവേശിച്ചത്. സാമൂഹികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൊച്ചി രാജഗിരി എന്‍ജിനീയറിങ് കോളേജിന്റെ ഡയറക്ടര്‍ കൂടിയായിരുന്നു. ആഗസ്തിലാണ് അദ്ദേഹത്തെ മണ്ഡ്യ രൂപത ബിഷപ്പായി നിയമിച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായത്.
അദ്ദേഹത്തിന്റെ മെത്രാഭിഷേകത്തിനായി മൈസൂരുവില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പതിനായിരത്തിലധികം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വേദിയാണ് ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ അങ്കണത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് ഹിങ്കലില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Share this Article
Related Topics