ന്യൂഡല്‍ഹി: സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. പൊതുമേഖലാ സ്ഥാപനമായ എയര്‍ഇന്ത്യയിലെ എല്ലാ ജീവനക്കാരുടെയും താത്പര്യം സംരക്ഷിക്കുമെന്നും സ്വകാര്യവത്കരണം പൂര്‍ത്തിയാകുംവരെ ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യവത്കരണ നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. നിലവിലുള്ള ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, എത്രപേര്‍ക്ക് തുടരാനാവും, ഭാവിയില്‍ എന്ത് സംഭവിക്കും തുടങ്ങിയ ആശങ്കകള്‍ ജീവനക്കാര്‍ക്കുണ്ട്. എല്ലാ ജീവനക്കാരുടെയും താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ശമ്പളം കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ എയര്‍ഇന്ത്യയിലെ പൈലറ്റുമാര്‍ പലരും ജോലി ഉപേക്ഷിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. പൈലറ്റുമാരുടെ ക്ഷേമം എയര്‍ഇന്ത്യ ഉറപ്പാക്കുന്നുണ്ട്. ആരെങ്കിലും രാജിവച്ചതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എയര്‍ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിവിധ ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം തടഞ്ഞുവച്ചിട്ടുണ്ട്. സ്വകാര്യവത്കരണം പൂര്‍ത്തിയാകുന്നതോടെ ഈ തുക ജീവനക്കാര്‍ക്ക് തിരിച്ചു നല്‍കുമെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി.
എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം 2020 മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 58,000 കോടിക്കടുത്തുള്ള ബാധ്യതകളാണ് നിലവില്‍ എയര്‍ഇന്ത്യയ്ക്കുള്ളത്.
Content Highlights: Air India would be closed if not privatised: Civil Aviation Minister in RS