ന്യൂഡല്‍ഹി: ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ വജ്രായുധമാണ് ബ്രഹ്മോസ് മിസൈല്‍. ഇപ്പോഴിതാ ആയുധത്തിന്റെ പ്രഹര പരിധി വര്‍ധിപ്പിച്ചിരിക്കുകയാണ് ഡിആര്‍ഡിഒ. 300 കിലോമീറ്റര്‍ ദൂരം ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നതായിരുന്നു ആദ്യ പതിപ്പെങ്കില്‍ സാങ്കേതിക പരിഷ്‌കരണങ്ങളിലൂടെ പ്രഹര പരിധി 500 കിലോമീറ്ററായി വര്‍ധിപ്പിച്ചിരിക്കുകയാണ് ഡിആര്‍ഡിഒ.
മിസൈല്‍ സാങ്കേതിക വിദ്യാനിയന്ത്രണ സമിതിയായ എംടിസിആറില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം അംഗമായതോടെയാണ് ബ്രഹ്മോസിന് കരുത്തുകൂട്ടാനുള്ള നടപടികള്‍ക്ക് വേഗം കൂടിയത്. പ്രഹര പരിധി വര്‍ധിപ്പിച്ചതിന് പിന്നാലെ കുത്തനെ താഴേക്കും മുകളിലേക്കും പ്രയോഗിക്കാന്‍ സാധിക്കുന്ന പരിഷ്‌കരിച്ച ബ്രഹ്മോസ് പതിപ്പും ഡിആര്‍ഡിഒ വിജയകരമായി കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു.
ഇതോടെ യുദ്ധ സാഹചര്യങ്ങളില്‍ ശത്രുവിന് മേല്‍ നിര്‍ണായക മേല്‍കൈ ഇന്ത്യയ്ക്ക് നേടാന്‍ സാധിക്കും. പ്രഹരപരിധിയും ആക്രമണ രീതിയും പരിഷ്‌കരിച്ചതോടെ ബ്രഹ്മോസ് അത്യധികം അപകടകാരിയായി. കര, നാവിക, വ്യോമ സേനകളുടെ പ്രധാന ആയുധങ്ങളിലൊന്നാണ് ഇപ്പോള്‍ തന്നെ ബ്രഹ്മോസ്. കുത്തനെ പ്രയോഗിക്കാന്‍ കഴിയുന്ന ശേഷികൂടി കൈവരിച്ചതോടെ സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളെപ്പോലും തകര്‍ക്കാന്‍ സാധിക്കുന്ന കരുത്തനായിരിക്കുകയാണ് ഇന്ത്യയുടെ വജ്രായുധം.
ഇന്ത്യ-റഷ്യ സംയുക്ത സംരഭമാണ് ബ്രഹ്മോസ്. ഇന്ന് നിലവിലുള്ളതില്‍ വച്ച് ഏറ്റവും അപകടകാരിയായ വേഗമേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. 400 കിലോമീറ്ററോ അതിനും ദൂരെയോ വരെ അകലെയുള്ള കടലിലെയും കരയിലെയും ആകാശത്തെയും ലക്ഷ്യങ്ങളെ കൃത്യമായി ഭേദിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മോസെന്ന് ബ്രഹ്മോസ് എയ്‌റോ സ്‌പേസ് സിഇഒ സുധീര്‍ കുമാര്‍ മിശ്ര പറയുന്നു.
Content Highlights: Brahmos Missile, India, DRDO, Defence