ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് പോലീസ് തിരഞ്ഞുകൊണ്ടിരുന്ന ജെ.എൻ.യു.വിലെ രണ്ടു വിദ്യാർഥികൾ പോലീസിൽ കീഴടങ്ങി. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഡി.എസ്.യു. നേതാവ് ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരാണ് ചൊവ്വാഴ്ച അർധരാത്രി വസന്ത് കുഞ്ജ് നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.11.30-ന് ജെ.എൻ.യു.വിൽ നിന്നിറങ്ങിയ ഇവർ 11.50-ന് പോലീസ് സ്റ്റേഷനിലെത്തി. പുലർച്ചെ 12.30-ഓടെ ഇവരെ വസന്ത് വിഹാർ സ്റ്റേഷനിൽ എത്തിച്ചു. ബുധനാഴ്ച ഇവരെ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് കമ്മിഷണർ ബസ്സി പറഞ്ഞു.കീഴടങ്ങാൻ സംരക്ഷണമാവശ്യപ്പെട്ട് ഇവർ ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കീഴടങ്ങുകയോ അറസ്റ്റ് വരിക്കുകയോ ചെയ്യണമെന്നായിരുന്നു കോടതി നിർദേശം.
ഇവരെക്കൂടാതെ അശുതോഷ് കുമാർ, രാമ നാഗ, ആനന്ദ് പ്രകാശ് നാരായൺ എന്നിവർ ജെ.എൻ.യു. കാമ്പസിൽ തങ്ങുകയാണ്. കാമ്പസിലേക്ക് കയറാൻ ജെ.എൻ.യു. വി.സി. പോലീസിന് അനുമതി നൽകാത്തതാണ് അറസ്റ്റിന് തടസ്സമായി നിന്നിരുന്നത്.വിദ്യാർഥികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജി അടിയന്തരമായി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് രണ്ടുപേർ കീഴടങ്ങിയിരിക്കുന്നത്.
അതിനിടെ, ജെ.എൻ.യു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യകുമാറിന്റെ ജാമ്യാപേക്ഷ ഡൽഹി പോലീസ് ഹൈക്കോടതിയിൽ എതിർത്തു. ജാമ്യാപേക്ഷയെ എതിർക്കില്ലെന്നായിരുന്നു മുൻനിലപാട്. സാഹചര്യം മാറിയതാണ് നിലപാട് മാറ്റാൻ കാരണമെന്ന് ഡൽഹി പോലീസ് കമ്മിഷണർ ബസ്സി പറഞ്ഞു.
കനയ്യ പുറത്തിറങ്ങിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ബസ്സി പറഞ്ഞു. കനയ്യയുടെ ജാമ്യാപേക്ഷയെ തുടർന്നും എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കനയ്യയ്ക്കെതിരായ അന്വേഷണത്തിന്റെ തത്‌സ്ഥിതി റിപ്പോർട്ട് ബുധനാഴ്ച സമർപ്പിക്കാൻ ഡൽഹി പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ജാമ്യാപേക്ഷയെ എതിർക്കുന്നതായി ജസ്റ്റിസ് പ്രതിഭാറാണിക്ക് മുമ്പാകെ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് അറിയിച്ചത്. എന്നാൽ, തത്‌സ്ഥിതി റിപ്പോർട്ടില്ലാതെ നടപടികൾ തുടരാനാവില്ലെന്ന് കോടതി പറഞ്ഞു. ബുധനാഴ്ച ഹർജിയിൽ വാദം തുടരും. എ.എസ്.ജി.മാരായ തുഷാർ മേത്തയും സഞ്ജയ് ജെയിനും അഡ്വ. അനിൽ സോണിയും കോടതിയിൽ ഹാജരായതിനെ ഡൽഹി സർക്കാറിന്റെ അഭിഭാഷകൻ രാഹുൽ മെഹ്‌റ എതിർത്തു. ഹാജരാകുന്നതിനുമുമ്പ് അവർ ഇതുസംബന്ധിച്ച വിജ്ഞാപനം കാണിക്കണമെന്ന് മെഹ്‌റ വാദിച്ചു. കനയ്യയ്ക്കുവേണ്ടി കപിൽ സിബൽ, റബേക്ക ജോൺ, വൃന്ദ ഗ്രോവർ, സുശീൽ ബജാജ് എന്നിവരും ഹാജരായി.