ഭോപ്പാല്‍: കഴിഞ്ഞമാസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ രത്‌ലം-ഝാബുവ ലോക്‌സഭാ സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിലും ജയം ആവര്‍ത്തിച്ചു. എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ അഞ്ചും കോണ്‍ഗ്രസ് നേടി. ഇവയില്‍ ഏഴിലും ബി.ജെ.പി.യായിരുന്നു ഭരണം.
ഒന്നുമാത്രമായിരുന്നു കോണ്‍ഗ്രസ്സിന്റെ നിയന്ത്രണത്തിലുണ്ടായിരുന്നത്.സോഹോര്‍ മുനിസിപ്പാലിറ്റി, ഷാഹ്ഗഞ്ജ് നഗര പരിഷത്ത്, മന്ദ്‌സൗര്‍ എന്നിവയില്‍ മാത്രമാണ് ഇത്തവണ ബി.ജെ.പി. ജയിച്ചത്. ഷാഹ്ജപുര്‍ മുനിസിപ്പല്‍ കൗണ്‍സില്‍, ഭേധഘാട്ട് നഗര പഞ്ചായത്ത്, മഝൗലി നഗര പഞ്ചായത്ത്, ധംനോദ് നഗര പഞ്ചായത്ത്, ഓര്‍ച്ച നഗരപഞ്ചായത്ത് എന്നിവയിലാണ് കോണ്‍ഗ്രസ് ജയിച്ചത്.
എട്ട് തദ്ദേശസ്ഥാപനങ്ങളിലെ 179 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ജനവധി എളിമയോടെ അംഗീകരിക്കുന്നെന്നും ജനസേവനം വീഴ്ചയില്ലാതെ തുടരുമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ സിങ് ചൗഹാന്‍ പറഞ്ഞു.