മുംബൈ: ബോളിവുഡ് താരവും മോഡലുമായ ജിയാഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സൂരജ് പഞ്ചോളിയെ പ്രതിയാക്കി സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു.
ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയുടെയും സറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി.
മുംബൈ ഹൈക്കോടതിയിലായിരുന്ന കേസ് കഴിഞ്ഞവര്‍ഷമാണ് സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്. അമേരിക്കന്‍ പൗരത്വമുള്ള ജിയാഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യമനുവദിക്കുകയും ചെയ്തു.
ഇരുപത്തിയഞ്ചുകാരിയായ ജിയാഖാനുമായി പ്രണയത്തിലായിരുന്നു സൂരജ്. അടുത്തിടെ ജിയാഖാന്റെ അമ്മ റാബിയ, മകളുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ഇക്കാര്യത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2013 ഒക്ടോബറില്‍ ഹൈക്കോടതിയില്‍ ഇവര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സി.ബി.ഐ. അന്വേഷണത്തിനുത്തരവിട്ടത്.
2013 ജനവരി 16-ന് ജുഹു പോലീസ് അന്ധേരി മജിസ്‌ട്രേട്ട് കോടതിയില്‍ 447 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ മരണം ആത്മഹത്യയാണെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. ഇതേത്തുടര്‍ന്നാണ് റാബിയ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഹീറോ എന്ന ചിത്രത്തില്‍ സൂരജ് നായകനായെത്തിയിരുന്നു.
Share this Article
Related Topics