ഡെറാഡൂണ്‍: ഡോക്‌ലാമില്‍ ഏത് അപ്രതീക്ഷിത സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് ഇന്ത്യ. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശത്രുക്കള്‍ക്കെതിരെ രക്തം ചിന്തുന്ന പോരാട്ടത്തിന് തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി.
അതിര്‍ത്തിയിലെ നിലവിലുള്ള സാഹചര്യത്തിന് മാറ്റം വരുത്താനുള്ള ചൈനയുടെ ഏത് ശ്രമവും ഡോക്‌ലാമിന് സമാനമായ സംഘര്‍ഷ സാഹചര്യത്തിലേക്ക് നയിക്കുമെന്ന് ആ രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബവാലെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി പ്രതിരോധമന്ത്രി തന്നെ രംഗത്തെത്തിയിട്ടുള്ളത്.
ഇന്ത്യന്‍ സൈന്യം കടുത്ത ജാഗ്രത പാലിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. സൈന്യത്തിന്റെ ആധുനികവത്കരണം തുടരുകയാണ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുകതന്നെ ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.
തര്‍ക്ക പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ തടഞ്ഞതോടെയാണ് കഴിഞ്ഞവര്‍ഷം ഡോക്‌ലാം സംഘര്‍ഷം ഉടലെടുത്തത്. ജൂണ്‍ 16 ഓടെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ ഓഗസ്റ്റ് 28 ഓടെയാണ് അവസാനിച്ചത്. ഡോക്‌ലാമില്‍ ചൈനീസ് സൈന്യം ഹെലിപ്പാഡുകളും സൈനിക പോസ്റ്റുകളും ട്രഞ്ചുകളും നിര്‍മ്മിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രി നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
ഇന്ത്യയുടെ ശ്രദ്ധ പാകിസ്താന്‍ അതിര്‍ത്തിയില്‍നിന്ന് ചൈനീസ് അതിര്‍ത്തിയിലേക്ക് മാറ്റണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ജനുവരിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഡോക്‌ലാമിലെ സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് കരസേനാ മേധാവിയുടെ പ്രതികരണമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ചൈനയുടെ ഒരിഞ്ച് ഭൂമിപോലും മറ്റുരാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.