ന്യൂഡല്‍ഹി: ഇന്ത്യ - ചൈന ബന്ധം ദോക്‌ലാം സംഘര്‍ഷത്തിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. എന്നാല്‍, ഏത് സാഹചര്യവും നേരിടാന്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ ബിപിന്‍ റാവത്ത് പറഞ്ഞു. ദോക്‌ലാമിനടുത്ത് ചൈനീസ് സൈനിക സാന്നിധ്യം ഇപ്പോഴുമുണ്ട്. എന്നാല്‍, നേരത്തെ ഉണ്ടായിരുന്നത്ര സൈനികര്‍ ഇപ്പോഴില്ല.
അവര്‍ താത്കാലിക സ്വഭാവമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സൈനികര്‍ തിരിച്ചുപോയെങ്കിലും അവര്‍ നടത്തിയ നിര്‍മിതികള്‍ നീക്കം ചെയ്തിട്ടില്ല. ശൈത്യകാലം കഴിഞ്ഞ് അവര്‍ മടങ്ങിയെത്തിയേക്കുമെന്ന് പലരും അനുമാനിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സൈനികരും അവിടെയുണ്ട്. അവര്‍ വീണ്ടും വന്നാല്‍ നേരിടാന്‍ നമുക്ക് കഴിയും.
എന്നാല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ആശയവിനിമയം മികച്ച രീതിയില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അതിര്‍ത്തിയില്‍ സൈനിക തലവന്മാരുടെ യോഗങ്ങള്‍ നടക്കുന്നു. കമാന്‍ഡര്‍മാര്‍ തമ്മില്‍ ആശയ വിനിമയവും നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിപിന്‍ റാവത്ത് നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ചൈന രംഗത്തെത്തിയിരുന്നു. ദോക്‌ലാം തര്‍ക്ക മേഖലയാണെന്നും പാകിസ്താന്‍ അതിര്‍ത്തിയില്‍നിന്ന് ഇന്ത്യ ചൈന അതിര്‍ത്തിയിലേക്ക് ശ്രദ്ധ മാറ്റണമെന്നും അദ്ദേഹം പറഞ്ഞതാണ് ചൈനയെ പ്രകോപിപ്പിച്ചത്.
ഇത്തരം പ്രസ്താവനകള്‍ അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഉതകുന്നതല്ലെന്ന് ചൈന അഭിപ്രായപ്പെട്ടിരുന്നു. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുണ്ടാക്കിയ ധാരണകള്‍ക്ക് വിരുദ്ധമാണ് ഇത്തരം പ്രസ്താവനകളെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിതിഗതികള്‍ സാധാരണ നിലയിലായെങ്കിലും ഇന്ത്യ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി രംഗത്തെത്തിയിട്ടുള്ളത്.