ബെയ്ജിങ്: പഴയതാളുകള്‍ മാറ്റി ഇന്ത്യയും ചൈനയും തമ്മില്‍ പുതിയ അധ്യായം തുടങ്ങണമെന്ന് ചൈനീസ് നയതന്ത്രജ്ഞന്‍ ലുവോ ജാവോഹുയ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ബ്രിക്‌സ് സമ്മേളനത്തിനിടെ നടന്ന കൂടിക്കാഴ്ച്ചയില്‍ സഹകരണത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പഴയ താളുകള്‍ അടച്ചുവെച്ച് ഇതേ ദിശയില്‍ ഇതേ ഗതിയില്‍ പുതിയ അധ്യായം നമ്മള്‍ തുറക്കണം. നമ്മള്‍ ഒരുമിച്ചാണ് നൃത്തം ചെയ്യേണ്ടത്. അങ്ങനെ ഒന്നും ഒന്നും ഒരുമിച്ച ചേര്‍ന്ന് പതിനൊന്നാവണം', ലുവോ തുടര്‍ന്നു
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ 68ാം വാര്‍ഷികാഘോഷ ചടങ്ങിനിടെയാണ് ലുവോ ജാവോഹുയ് ഇന്ത്യയും ചൈനയും തമ്മിലുണ്ടാവേണ്ട സൗഹാര്‍ദ്ദ അന്തരീക്ഷം ചൂണ്ടിക്കാട്ടി പ്രസംഗിച്ചത്.
ഡോക്ക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അകല്‍ച്ചയ്ക്ക് അയവുവരുത്തുന്ന രീതിയിലാണ് ചൈനീസ് നയതന്ത്രജ്ഞന്‍ സംസാരിച്ചത്.
'പുതുച്ചേരിയിലെ അരബിന്ദോ ആശ്രമത്തില്‍ 1945നും 1978നുമിടയില്‍ തങ്ങിയിരുന്ന പ്രൊഫ ഷു ഫാന്‍ചെങിനെയും അദ്ദേഹം പ്രസംഗത്തില്‍ സ്മരിച്ചു. ഉപനിഷത്തും ഭഗവത്ഗീതയും ശാകുന്തളവും ഷു ഫാന്‍ചെങ് സംസ്‌കൃതത്തില്‍ നിന്ന് ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പ്രൊഫ ഷു ഫാന്‍ചെങ്, രബീന്ദ്രനാഥ് ടാഗോര്‍, ബുദ്ധ സന്യാസി ബോധിധര്‍മ്മ,ഫാഷിയാന്‍ തുടങ്ങി ആയിരക്കണക്കിന് പ്രമുഖര്‍ ഭാഗഭാക്കായിട്ടുണ്ട്. അവരുടെ സംഭാവനകളും പൈതൃകവുമൊന്നും നമ്മള്‍ മറന്നു കൂട. അവരുടെ തോളോടു ചേര്‍ന്ന് നിന്ന് അനേകം കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.