ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ പത്തോളം സംസ്ഥാനങ്ങളില്‍ കാലവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നാശം വിതച്ച പൊടിക്കാറ്റിന് പിന്നാലെയാണ് കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരളത്തിലെ ആറ് ജില്ലകളില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്.
ശക്തമായ കാറ്റിലും മഴയിലും കടലാക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നത് വിലക്കിയിട്ടുണ്ട്. ഇതിന് പുറമെ, അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായിരിക്കാനും നിര്‍ദേശമുണ്ട്.
ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ അടുത്ത 48 മണിക്കൂറില്‍ ജമ്മു-കാശ്മീര്‍, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, പശ്ചിമ ബംഗാള്‍, സിക്കീം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
Share this Article
Related Topics