ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായുള്ള പ്രചാരണ പരിപാടികളില്‍ സജീവമാകാത്തതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ പ്രചാരണവും പ്രസംഗവും വേണ്ടെന്നുവെച്ചിരിക്കുകയാണ്. തന്റെ പ്രസംഗം കോണ്‍ഗ്രസിന് കിട്ടാനുള്ള വോട്ടുകള്‍ നഷ്ടപ്പെടുത്തും. അതുകൊണ്ടാണ് സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഭോപ്പാലില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കുമ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്. ഈ സംഭാഷണത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു.
സ്ഥാനാര്‍ഥി ആരായിരുന്നാലും അവരുടെ വിജയത്തിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്നും ദിഗ്‌വിജയ് സിങ് പ്രവര്‍ത്തകരോട് പറഞ്ഞു. പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ നാം സ്വപ്‌നം കാണ്ടുകൊണ്ടിരിക്കും. ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ നമുക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല. സ്ഥാനാര്‍ഥിയാകുന്ന ആള്‍ ആരായാലും, അതൊരു ശത്രുവായാലും അദ്ദേഹത്തെ വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കണം- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തിയാണ് ദിഗ്‌വിജയ സിങ്ങിന്റെ ഈ പ്രസ്താവനയ്ക്കു പിന്നിലെന്നാണ് സൂചന. അതേസമയം, ദിഗ്‌വിജയ് സിങ് ഇപ്രകാരം പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് പ്രതികരിച്ചു.
ദിഗ്‌വിജയ് സിങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെ ബിജെപി ഇതിനെ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. ദിഗ്‌വിജയ് സിങ്ങിനെ കോണ്‍ഗ്രസ് ഒതുക്കിയിരിക്കുകയാണെന്നും മുതിര്‍ന്ന നേതാവിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് ഇടയാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചു.
അദ്ദേഹത്തിന് ഇത്തരമൊരു അവസ്ഥയുണ്ടാക്കിയത് ബിജെപിയല്ല, കോണ്‍ഗ്രസ് തന്നെയാണ്. പോസ്റ്ററുകളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നല്‍കാനോ അദ്ദേഹം അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാനോ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. കോണ്‍ഗ്രസ് അതിന്റെ നേതാക്കളോട് ഇങ്ങനെ പെരുമാറുന്നത് കഷ്ടമാണ്- ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
Content Highlights: Digvijaya Singh, Congress, BJP, Madhya Pradesh