ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ദേശവിരുദ്ധ പ്രക്ഷോഭം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ കനയ്യകുമാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ഡല്‍ഹി പോലീസ് മേധാവി ബി.എസ്.ബസ്സി.
ഇപ്പോള്‍ കനയ്യകുമാറിന് ജാമ്യം അനുവദിച്ചാല്‍ അത് സാക്ഷികളെ സ്വാധീനിക്കാനുളള അവസരം ഒരുക്കുമെന്നും ഇത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്നതിനാലാണ് ജാമ്യം നല്‍കുന്നത് എതിര്‍ക്കുന്നതെന്നും ബസ്സി പറഞ്ഞു.
അറസ്റ്റ് ചെയ്തതിനു ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ചെയ്ത തെറ്റില്‍ കനയ്യകുമാര്‍ ഖേദം പ്രകടിപ്പിച്ചതിനാലായിരുന്നു ആദ്യം ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്നതെന്നും ബസ്സി വിശദീകരണം നല്‍കി.
കനയ്യകുമാറിനെ കൂടാതെ മറ്റ് എട്ട് വിദ്യാര്‍ത്ഥികളും അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നാണ് ജെ.എന്‍.യു സര്‍വ്വകലാശാല അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു ദൃക്‌സാക്ഷിയെപ്പോലും കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടല്ല. പോലീസിന് ജെ.എന്‍.യു കാമ്പസിനുളളിലേക്കുളള പ്രവേശമാനുമതിയും സര്‍വ്വകലാശാല അധികൃതര്‍ നല്‍കിയിട്ടില്ല.
കനയ്യകുമാര്‍ ഉള്‍പ്പെടെയുളളവര്‍ വിളിച്ചെന്നു പറയപ്പെടുന്ന 'പാകിസ്താന്‍ സിന്ദാബാദ്' ഉള്‍പ്പെടെ ഇരുപത്തൊമ്പതോളം മുദ്രാവാക്യങ്ങളും പോലീസ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കനയ്യ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിലും ഈ മുദ്രാവാക്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
എന്നാല്‍ ഇതുസംബന്ധിച്ച് കോളേജിലെ ഒരാളെപ്പോലും ദൃക്‌സാക്ഷിയായി പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
എന്നാല്‍ അനുസ്മരണ സമയത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കെ മറ്റൊരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങളുടെ എണ്ണമെടുക്കുകയായിരുന്നുവെന്ന് സംഭവസമയത്ത് അവിടെയെത്തിയ ലോക്കല്‍ പോലീസ് അറിയിച്ചുവെന്ന് റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന്റെ പക്കലുണ്ട്.