ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈലിന്റെ വ്യോമ പതിപ്പ് വീണ്ടും വിജയകരമായി പരീക്ഷിച്ചു. വ്യോമസേനയുടെ സുഖോയ് 30 എംകെഐ വിമാനത്തില്‍ നിന്നാണ് ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം നടന്നത്. പരീക്ഷണം വിജയകരമായിരുന്നുവെന്നും നിശ്ചിത ലക്ഷ്യത്തെ മിസൈല്‍ തകര്‍ത്തതായും വ്യോമസേന അറിയിച്ചു.
2017 ലാണ് ആദ്യമായി ബ്രഹ്മോസിന്റെ വ്യോമ പതിപ്പ് വിജയകരമായി പരീക്ഷിച്ചത്. ഇതോടെ ശബ്ദാതിവേഗ മിസൈല്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള ലോകത്തെ ആദ്യ വ്യോമസേനയെന്ന ഖ്യാതി ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തമായി.
2.5 ടണ്‍ ഭാരമാണ് ബ്രഹ്മോസന്റെ വ്യോമ പതിപ്പിനുള്ളത്. 400 കിലോമീറ്ററാണ് പ്രഹരപരിധി. കരയിലേയും കടലിലേയും ലക്ഷ്യങ്ങളെ വളരെ പെട്ടെന്ന് മാരകമായി ആക്രമിക്കാന്‍ വ്യോമസേനയ്ക്ക് സാധിക്കും. രാത്രിയോ പകലോ എന്ന് വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും കൃത്യമായി ലക്ഷ്യം ഭേദിക്കുന്ന മിസൈലാണ് ബ്രഹ്മോസ്. യുദ്ധവേളയില്‍ ശത്രുവിന് മേല്‍ നിര്‍ണായക ആധിപത്യം നേടാന്‍ ബ്രഹ്മോസ് സേനയെ സഹായിക്കും.
ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് കരസേനയുടെയും നാവിക സേനയുടെയും ഭാഗമായി കഴിഞ്ഞു. ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്‌കോ എന്നീ നദികളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ഈ പേര് നല്‍കിയത് ഇന്ത്യയുടെ മിസൈല്‍മാന്‍ എന്ന് വിശേഷണമുള്ള മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആയിരുന്നു. ഇന്ത്യയില്‍ നിര്‍മിച്ച മിസൈല്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുമുണ്ട്.
Content Highlights: IAF, Brahmos missile, Su-30 MKI fighter jet