ദില്ലി: പ്രസിഡന്റ് പദവിയില്‍ നിന്നും ഒഴിഞ്ഞ് താന്‍ ഒരു സാധാരണക്കാരാനായി ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. രാഷ്ടപതി കാലയളവ് അവസാനിക്കുന്ന അവസരത്തില്‍ ജംങ്കപ്പൂരിലെ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ പദവികളില്‍ നിന്നും ഒഴിഞ്ഞ് രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരിലൊരാളാവും താന്‍ എന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ 23നാണ് പാര്‍ലമെന്റില്‍ പ്രസിഡന്റിന് വേണ്ടി വിടപറയല്‍ ചടങ്ങ് നടക്കുക. എംപിമാരുടെ കയ്യൊപ്പ് പതിപ്പിച്ച കോഫി ടേബിള്‍ ബുക്ക് ആവും പ്രസിഡന്റിന് സമ്മാനമായി എംപിമാര്‍ നല്‍കുക. ജൂലൈ 24നാണ് രാഷ്ട്രപതി സ്ഥാനത്ത് നിന്നും പ്രണാബ് മുഖര്‍ജി ഔദ്യോഗികമായി സ്ഥാനമൊഴിയുക. ജൂലൈ 25ന് പുതിയ രാഷ്ട്രപതി സ്ഥാനമേല്‍ക്കും.
ഞായറാഴ്ചയാണ് പ്രസിഡന്റ് പദവിയില്‍ ഇരുന്ന് അദ്ദേഹം അവസാനത്തെ വിമാനയാത്ര നടത്തിയത്. ബംഗാളില്‍ നിന്നും ഡല്‍ഹിയിലേക്കായിരുന്നു ഇത്. പ്രണാബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജിയും യാത്രയില്‍ ഉണ്ടായിരുന്നു. ഈ ആഴ്ച അവസാനം രാഷ്ട്രപതി കാലാവധി അവസാനിക്കാനിരിക്കെ ഇനി അദ്ദേഹത്തിന് ഔദ്യോഗിക യാത്രകളൊന്നും ചാര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ എയര്‍ ഫോഴ്‌സ് 1 ആണ് രാഷ്ടപതിയുടെ ഔദ്യോഗിക വിമാനം. പദവിയിലിരിക്കെയുള്ള അവസാന യാത്ര അദ്ദേഹത്തിന് ഏറെ വികാരനിര്‍ഭരമായിരുന്നുവെന്ന് അഭിജിത്ത് മുഖര്‍ജി മാധ്യമങ്ങളോട് പ്രതികരിച്ചു.
അമ്പത് വര്‍ഷത്തോളം സജീവമായിരുന്ന രാഷ്ട്രീയ ജീവിതത്തിന്റെ പിന്നിലൊളിച്ചു കൊണ്ടാണ് ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണാബ് മുഖര്‍ജി സ്ഥാനമേറ്റത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രപതി ഭവനാണ് ഇന്ത്യയുടേത്. എന്നാല്‍ ഇതിന്റെ ചരിത്രം കൃത്യമായി സൂക്ഷിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. സ്ഥാനമേറ്റതിനു പിന്നാലെ ഈ ചരിത്രം 340 മുറികളുള്ള രാഷ്ട്രപതി ഭവനില്‍ ആലേഖനം ചെയ്യാന്‍ രാഷ്ടപതി പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചു. ഈ ചരിത്രം ജനങ്ങളിലേക്കെത്തിക്കാനും അദ്ദേഹം ശ്രമിച്ചു. അങ്ങനെ ആദ്യമായി രാഷ്ട്രപതി ഭവന്റെ ഇരുമ്പു ഗേറ്റുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു. അതുകൊണ്ട് തന്നെ രാഷ്ട്രപതി ഭവന്‍ രാജ്യത്തെ പൗരന്മാരിലേക്ക് കൂടി എത്തിച്ച രാഷ്ട്രപതി എന്ന നിലയിലാവും പ്രണാബ് മുഖര്‍ജിയെ ഇനി രാജ്യം സ്മരിക്കുക.
പദവിയിലിരിക്കെ പല രാഷ്ട്രീയ യുദ്ധങ്ങളും രാജ്യത്തിനകത്ത് നടന്നിരുന്നുവെങ്കിലും പദവിയുടെ മാനവും അന്തസ്സും കാത്തുസൂക്ഷിച്ച് തന്റേതായ ഔദ്യോഗിക കാര്യങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയത്. അതുകൊണ്ടു തന്നെ വിവാദങ്ങളൊന്നും പ്രണാബ് മുഖര്‍ജിയെ ബാധിച്ചതേ ഇല്ല. നോട്ട് നിരോധനമടക്കമുള്ള കടുത്ത തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ ജനങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്‌നമായിരിക്കും ഇതെന്നും ജനങ്ങള്‍ ഏറെ ദുരിതം നേരിടേണ്ടി വരുമെന്നും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡിലും അരുണാചല്‍ പ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തില്‍ രാഷ്ട്രപതി എന്ന സ്ഥാനത്ത് തുടര്‍ന്ന് പ്രണാബ് മുഖര്‍ജി കുറ്റകരമായ മൗനം പാലിച്ചുവെന്ന വിമര്‍ശനങ്ങളും ചെറിയ തോതില്‍ ഉയര്‍ന്നിരുന്നു.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മില്‍ പലപ്പോഴും പല തീരുമാനങ്ങളിലും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു. എന്നാല്‍ അതൊന്നും ഒരിക്കലും വ്യക്തിബന്ധങ്ങളേയോ ഭരണപരമായ കാര്യങ്ങളെയോ ബാധിച്ചിട്ടില്ലെന്നും പ്രണാബ് മുഖര്‍ജി പല പ്രസംഗങ്ങള്‍ക്കിടയിലും സൂചിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പദവി ഏറ്റെടുത്ത ആദ്യ ഘട്ടങ്ങള്‍ മുതല്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തന്റെ ഗുരുസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നും ഭരണപരമായ കാര്യങ്ങളില്‍ തന്നെ പലപ്പോഴും അദ്ദേഹം സഹായിച്ചിട്ടുണ്ടെന്ന് മറ്റൊരു ചടങ്ങിനിടെ പ്രധാനമന്ത്രി മോദിയും സൂചിപ്പിച്ചിരുന്നു.