പട്ന: താന്‍ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നുവെന്നും തനിക്ക് ഐഫോണും പി.ആര്‍.ഒയും ഉണ്ടെന്നുമുളള പ്രചരണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍.
പട്നയില്‍ എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു കനയ്യകുമാര്‍.
'ജെ.എന്‍.യുവിലെ എട്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ ഞാന്‍ തുടങ്ങിയ സമരത്തെ എതിര്‍ക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നത്.
ഒരു സെല്‍ ഫോണ്‍ പോലും ഇല്ലാത്ത ഐഫോണ്‍ ഉപയോഗിക്കുന്നു എന്ന പ്രചരണം തെറ്റാണ്, കനയ്യകുമാര്‍ പറഞ്ഞു.
തനിക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും പോകുമ്പോള്‍ വരുന്ന ചിലവ് വഹിക്കുന്നത് പരിപാടിയുടെ സംഘാടകര്‍ തന്നെയാണെന്നും തന്റെ കൈയില്‍ യാത്ര ചെലവിനുളള പണമില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.
തന്റെ പഠനത്തിനാവശ്യമായ സ്‌കോളര്‍ഷിപ്പ് തുക ജൂലായ് 2015ന് ശേഷം കിട്ടിയിട്ടില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടില്‍ ആകെയുളളത് 200 രൂപയാണെന്നും കനയ്യകുമാര്‍ പറഞ്ഞു. ആര്‍ക്ക് വേണമെങ്കിലും വിവരാവകാശ നിയമം ഉപയോഗിച്ച് തന്റെ ബാങ്ക് വിവരങ്ങള്‍ അറിയാം.
തന്റെ അമ്മ ഒരു അംഗന്‍വാടി ജീവനക്കാരിയാണ്. അച്ഛന്‍ പക്ഷാഘാതം ബാധിച്ച് കിടപ്പിലാണ്.
ജെ.എന്‍.യു പ്രക്ഷോഭത്തെത്തുടര്‍ന്ന് തനിക്ക് ചുമത്തിയ പിഴ അടക്കാന്‍ മഹാരാഷ്ട്രയിലെ ഒരു കൂട്ടം ശുചീകരണത്തൊഴിലാളികള്‍ ചേര്‍ന്ന് 10.000 രൂപ ശേഖരിച്ചു. എന്നാല്‍ അവരോട് നന്ദി പറഞ്ഞ് താന്‍ പിഴ അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവരെ അറിയിക്കുകയായിരുന്നു. കനയ്യകുമാര്‍ പറഞ്ഞു.