ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ആന്ധ്രാപ്രദേശില്‍ മോദിക്കെതിരേ കൂറ്റന്‍ ബോര്‍ഡുകള്‍. ഗുണ്ടൂരില്‍ ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി മോദി ആന്ധ്രാപ്രദേശില്‍ എത്തുന്നതിന്റെ ഭാഗമായാണ് പാതയോരങ്ങളില്‍ പ്രതിഷേധ ബോര്‍ഡുകള്‍ സ്ഥാനംപിടിച്ചത്.
മോദിക്ക് പ്രവേശനമില്ലെന്നും, മോദിയെ ഇനിയൊരിക്കലും തിരഞ്ഞെടുക്കില്ലെന്നും ആഹ്വാനം ചെയ്യുന്ന കൂറ്റന്‍ ബോര്‍ഡുകള്‍ വിജയവാഡയിലെയും ഗുണ്ടൂരിലെയും പാതയോരങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഏറ്റെടുത്തിട്ടില്ലെങ്കിലും അഞ്ചുകോടി വരുന്ന ആന്ധ്രക്കാരുടെ പ്രതിഷേധമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് തെലുങ്കുദേശം പാര്‍ട്ടി പ്രതികരിച്ചു. കേന്ദ്രത്തിന്റെ അവഗണനിയില്‍ ഓരോ ആന്ധ്രക്കാരന്റെയും രക്തം തിളയ്ക്കുകയാണെന്നും ഈ പ്രതിഷേധങ്ങള്‍ ന്യായമാണെന്നും ടി.ഡി.പി. വക്താവ് ദിനകര്‍ ലങ്ക പറഞ്ഞു. അതേസമയം ബോര്‍ഡുകള്‍ സ്ഥാപിച്ചത് ടി.ഡി.പിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിക്കെതിരായ ബോര്‍ഡുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതോടെ ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ നീക്കംചെയ്യണമെന്നും ഇത് സ്ഥാപിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് ബി.ജെ.പി.യുടെ ആവശ്യം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ബോര്‍ഡുകള്‍ നീക്കംചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരും പ്രതികരിച്ചു.
ഗുണ്ടൂരില്‍ ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രാപ്രദേശിലെത്തുന്നത്. കേന്ദ്രസര്‍ക്കാരിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുണ്ടൂരിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Content Highlights: huge bill boards against pm narendra modi in andhra pradesh