അഹമ്മദാബാദ്: ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷയില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ച് ചരിത്രവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ ചോദ്യം. 'മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ' എന്ന ചോദ്യമാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ചോദ്യപേപ്പറിലാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത്. 'സുഫലാം ശാലാ വികാസ് സങ്കൂല്‍' എന്ന സംഘടനയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ പരീക്ഷയിലാണ് ഈ ചോദ്യം. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവ.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ചോദ്യപ്പറിലും വസ്തുതാവിരുദ്ധമായ ചോദ്യമുണ്ട്. 'നിങ്ങളുടെ പ്രദേശത്ത് വര്‍ധിച്ചുവരുന്ന മദ്യക്കച്ചവടത്തെക്കുറിച്ചും വ്യാജമദ്യം ഉണ്ടാക്കുന്നവര്‍ മൂലമുള്ള ശല്യങ്ങളെക്കുറിച്ചും പരാതിപ്പെട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവിക്ക് കത്തെഴുതുക' എന്നതായിരുന്നു ചോദ്യം. ഗുജറാത്തില്‍ മദ്യ നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം വിവാദവിഷയമാകുന്നത്.
സര്‍ക്കാര്‍ സഹായം സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ആഭ്യന്തര മൂല്യനിര്‍ണയത്തിനുള്ള പരീക്ഷയിലാണ് വസ്തുതാവിരുദ്ധമായ ചോദ്യങ്ങള്‍ ഉണ്ടായതെന്ന് ഗാന്ധിനഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്ഥിരീകരിച്ചു. ചോദ്യങ്ങള്‍ ഉണ്ടാക്കിയത് വിദ്യാലയ അധികൃതരാണെന്നും വിദ്യാഭ്യാസ വകുപ്പിന് ഇതില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അധിക്ഷേപകരമായ ചോദ്യങ്ങളാണ് പരീക്ഷാ പേപ്പറുകളില്‍ ഉള്ളത്. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: 'How Did Gandhi Commit Suicide?’ Exam Question Baffles Class 9 Students in Gujarat