ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയെ മേലുദ്യോഗസ്ഥന്‍ ജോലി സ്ഥലത്ത് അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. അപമര്യാദയായി പെരുമാറുകയും സാരിയില്‍ പിടിച്ച് വലിക്കുകയുമാണ് ചെയ്തത്.
എന്നാല്‍ ഇതിനെതിരെ പരാതി നല്‍കിയ യുവതി പിരിച്ചു വിടുകയാണ് ഹോട്ടല്‍ അധികൃതര്‍ ചെയ്തത്.
സുരക്ഷാ വിഭാഗം മേധാവി 33കാരിയായ യുവതിയെ വലിച്ചിഴയ്ക്കുകയും സാരി അഴിക്കാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തന്റെ പിറന്നാള്‍ ദിനമായ ജൂലൈ 29നാണ് സംഭവം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. മേലുദ്യോഗസ്ഥന്‍ ക്യാബിനിലേക്ക് വിളിപ്പിക്കുകയും ക്രെഡിറ്റ് കാര്‍ഡ് നല്‍കി എന്ത് വേണമെങ്കിലും പിറന്നാള്‍ സമ്മാനമായി വാങ്ങാമെന്ന് പറയുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കടന്നു പിടിക്കുകയും സാരി അഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
സംഭവം നടന്ന ദിവസം യുവതി എച്ച്ആര്‍ വിഭാഗത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍, ഇന്നലെ ഓഫീസിലെത്തിയ യുവതിയെ എച്ച്ആര്‍ മാനേജര്‍ വിളിപ്പിക്കുകയും പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് നല്‍കുകയുമായിരുന്നു. ഇയാള്‍ ഇതിനുമുന്‍പും ഈ യുവതിയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് സൂചന.