പഞ്ച്കുളയിലെ കലാപത്തിന് ഹണിപ്രീത് 1.25 കോടി നല്‍കിയതായി പോലീസ്


ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്.

ചണ്ഡീഗഢ്: പഞ്ച്കുളയില്‍ കലാപം സൃഷ്ടിക്കാന്‍ ഹണിപ്രീത് ഇന്‍സാന്‍ ഡേരാ സച്ഛാ സൗദാ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തതായി ഹരിയാണ പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. കേസില്‍ വിധി പറയുന്നതിന് ദിവസങ്ങള്‍ മുമ്പാണ് ഹണിപ്രീത് പണം കൈമാറിയത്.

ഡേരയുടെ പഞ്ച്കുള ശാഖയുടെ തലവന്‍ ചംകാര്‍ സിങ്ങിനാണ് ഹണിപ്രീത് പണം കൈമാറിയത്. ഗുര്‍മീതിന് ശിക്ഷ വിധിച്ചതിനു ശേഷമുണ്ടായ അക്രമങ്ങള്‍ സൃഷ്ടിക്കാനാണ് ഈ പണം ഉപയോഗിച്ചതെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് രാകേഷ് കുമാര്‍. സെപ്റ്റംബര്‍ 27 നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ബലാത്സംഗക്കേസില്‍ ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഓഗസ്റ്റ് 25 നാണ് കോടതി ശിക്ഷ വിധിച്ചത്. അന്ന് പഞ്ച്കുളയിലും പ്രദേശത്തും നടന്ന അക്രമത്തില്‍ 35 ഓളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഒളിവിലായിരുന്ന ഹണിപ്രീത് ഇക്കഴിഞ്ഞദിവസമാണ് പിടിയിലാകുന്നത്. അക്രമം സൃഷ്ടിച്ചതിന് പിടിയിലാവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഹണിപ്രീത് പണം വിതരണം ചെയ്ത കാര്യം അറിഞ്ഞതെന്ന് ഹരിയാന പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഗുര്‍മീതിന്റെ വളര്‍ത്തുമകളാണ് താനെന്നാണ് ഹണിപ്രീത് അവകാശപ്പെടുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram