ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനം ചരിത്രപരമായ മണ്ടത്തരമാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് പ്രതിപക്ഷ സ്ഥാനാര്‍ഥിയ്ക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യവുമായി ലാലു പ്രസാദ് യാദവ് സമീപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതിപക്ഷ കക്ഷികള്‍ കൂടിച്ചേര്‍ന്ന് രൂപീകരിച്ച മഹാഗഡ്ബന്ധന്‍ സഖ്യം രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മുന്‍ ലോക്‌സഭാ സ്പീക്കറും ദളിത് വിഭാഗത്തില്‍നിന്നുള്ള നേതാവുമായ മീരാ കുമാറിനെ പ്രഖ്യാപിച്ചതോടെ വിവിധ കക്ഷികളുടെ പിന്തുണ തേടുകയാണ് പ്രതിപക്ഷം. ഇതിന്റെ ഭാഗമായാണ് നിതീഷ് കുമാറിനെയും ഒപ്പം നിര്‍ത്താനുള്ള ശ്രമം. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പ്രഖ്യപിച്ചിരുന്നു.
ബീഹാറിന്റെ പുത്രിയായ മീരാ കുമാറിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുമെന്ന് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. ഇത് ആശയപരമായ ഏറ്റുമുട്ടലാണെന്നും ബിജെപിയെ പിന്തുണയ്ക്കാനുള്ള തീരുമാനം ചരിത്രപരമായ മണ്ടത്തരമായിരിക്കുമെന്നും നിതീഷ്‌കുമാറിനോട് പറയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് ബിഹാര്‍ സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാറില്‍ സഖ്യകക്ഷികളാണ് നിതീഷ് കുമാറിന്റെ ജെഡിയുവും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും.
Share this Article
Related Topics