റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. ജാര്‍ഖണ്ഡിന്റെ 11-ാമത്തെ മുഖ്യമന്ത്രിയാണ് സോറന്‍.
റാഞ്ചിയിലെ മൊറാബാദി മൈതാനത്തായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍ ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജെ.എം.എം-കോണ്‍ഗ്രസ്-എല്‍ജെഡി സഖ്യം 81 അംഗ സഭയില്‍ 47 സീറ്റുകളോടെയാണ് അധികാരത്തിലേറുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമവേദികൂടി ആയി മാറി സത്യപ്രതിജ്ഞ ചടങ്ങ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആര്‍.ജെ.ഡി. നേതാവ് തേജ്വസി യാദവ്, ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങിനെത്തി.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്നും ചരിത്രനിമിഷത്തിന് സാക്ഷിയാകണമെന്നും സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ സോറന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനൊപ്പം ഒരു വീഡിയോയും സോറന്‍ പങ്കുവെച്ചു.' ഞങ്ങളുടെ സഖ്യത്തിന് നിങ്ങള്‍ തന്ന വ്യക്തമായ ഭൂരിപക്ഷത്തിന് എനിക്ക് തികഞ്ഞ നന്ദിയുണ്ട്. ഞങ്ങളുടെ സര്‍ക്കാരില്‍ നിങ്ങള്‍ക്കുള്ള പ്രതീക്ഷ എനിക്ക് മനസ്സിലാക്കുന്നു. നിങ്ങളെയെല്ലാവരെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഞാന്‍ ക്ഷണിക്കുകയാണ്.' വീഡിയോയില്‍ സോറന്‍ പറയുന്നു
content highlights: hemant soren takes oath as jharkhand chief minister