ന്യൂഡല്‍ഹി: അരീബ് ഫയാസ് മജീദ്, വയസ്സ് 32, മഹാരാഷ്ട്രയിലെ പന്‍വേല്‍ സ്വദേശി, സിവില്‍ എന്‍ജിനീയറിങ് ബിരുദ ധാരി... ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടന വിട്ട് ഇന്ത്യയിലെത്തിയവരില്‍ ഒരാളായ ഇയാള്‍ ഇറാഖില്‍ മൂന്നുതവണ ചാവേറാക്രമണത്തിന് ശ്രമിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.
2014 മെയില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അഞ്ചുപേരില്‍ ഒരാളാണ് അരീബ്. എന്‍.ഡി.ടി.വിയാണ് ഇയാളുടെ മൊഴി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
2014 ആഗസ്റ്റില്‍ ഇറാഖിലെ മൊസൂള്‍ നഗരത്തിലെ കുര്‍ദിഷ് സൈന്യത്തിനു നേരെയായിരുന്നു അരീബിന്റെ ആദ്യ ദൗത്യം. ഐ.എസിന്റെ ചാവേര്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങി അധികം വൈകാതെയായിരുന്നു അത്. സൈനിക കേന്ദ്രങ്ങളില്‍ ഇടിച്ചുകയറ്റി സ്‌ഫോടനം നടത്താന്‍ സജ്ജമാക്കിവെച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം തലേദിവസം നടന്ന വ്യോമാക്രമണത്തില്‍ തകര്‍ന്നു. അതോടെ ആദ്യ ശ്രമം പാഴായി.
ദിവസങ്ങള്‍ക്ക് ശേഷം സെപ്തംബറില്‍ റാബിയയിലെ കുര്‍ദിഷ് സേനയായിരുന്നു ലക്ഷ്യം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സേനയേ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ കുര്‍ദുകള്‍ ആക്രമിച്ചു വാഹനം തകരാറിലാക്കി. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ അരീബിന് വെടിയേറ്റെങ്കിലും കൂടെയുണ്ടായിരുന്ന ഐ.എസ് സഹപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
അധികം വൈകാതെ ഇറാഖിലെ തലാല്‍ ഹുവയിലായിരുന്നു മൂന്നാമത്തെ ആക്രമണ പദ്ധതി. പതിവുപോലെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഹമ്മര്‍ കാര്‍ കുര്‍ദിഷ് സൈന്യത്തിനു നേരെ ഓടിച്ചു കയറ്റുന്നതിനിടെ അവര്‍ ആക്രമണം നടത്തി. പരിക്കേറ്റെങ്കിലും ശരീരത്തില്‍ കെട്ടിവെച്ച സ്‌ഫോടക വസ്തുക്കളുമായി സൈന്യത്തിനു നേരെ നീങ്ങാന്‍ ശ്രമിച്ചു. തന്റെ കമാന്റര്‍ അബു സാദിഖ് തടഞ്ഞു. രക്തസാക്ഷിയാകാന്‍ കഴിവതും ശ്രമിച്ചു, എന്നാല്‍ അതിലേക്ക് എത്താന്‍ കഴിഞ്ഞില്ല- അരീബ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഐ.എസില്‍ ചേര്‍ന്ന് സിറിയയിലെ രാഖയായിരുന്നു പരിശീന കേന്ദ്രം. അവിടെ ഭൂമിക്കടിയില്‍ ഒളിയിടങ്ങള്‍ തീര്‍ക്കാന്‍ തന്റെ സിവില്‍ എന്‍ജിനീയറിങ് നൈപുണ്യം സഹായിച്ചു- അരീബ് പറഞ്ഞു.
സിറിയയിലെ സ്ത്രീകളെ വിവാഹം കഴിക്കാമെന്നതും താന്‍ ഐ.എസില്‍ ചേരാന്‍ കാരണമായിരുന്നുവെന്ന് അരീബ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ അവിടെ ലൈംഗിക അടിമകളാണ്. ഐ.എസ് തീവ്രവാദികള്‍ മൃഗങ്ങളേക്കാള്‍ മോശമായാണ് സ്ത്രീകളോട് പെരുമാറുന്നത്- അരീബ് പറഞ്ഞു. ഇയാള്‍ഇപ്പോള്‍ മൗലികവാദ വിരുദ്ധ പുനരധിവാസ കേന്ദ്രത്തിലാണ്.