ചെന്നൈ: ആധാര്‍ നമ്പര്‍ നല്‍കാതെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ചെന്നൈ സ്വദേശിയായ പ്രീതി മോഹന്റെ ഹർജിയിലാണ് കോടതി വിധി.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കൊണ്ടുള്ള നിര്‍ദേശത്തില്‍ സുപ്രീം കോടതി ഇളവ് വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രീതി ഹൈക്കോടതിയെ സമീപിച്ചത്.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ നിയമത്തിന് സുപ്രീംകോടതി ഭാഗിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദായ നികുതി വകുപ്പ് ഇത് പരിഗണിക്കുന്നില്ലെന്നും പ്രീതി കോടതിയെ അറിയിച്ചു.
ആധാര്‍ നമ്പര്‍ നല്‍കാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കേരളാ ഹൈക്കോടതി അനുമതി നല്‍കിയിരുന്നതായും പ്രീതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
തുടര്‍ന്ന്, ഇന്ന് മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിവസം വരെ ആധാര്‍ ഇല്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കോടതി അനുവദിക്കുകയായിരുന്നു. എന്നാല്‍, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴയൊടുക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.
ഇതിന് പുറമെ പരാതികാരിയുടെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ ആധാര്‍ നമ്പറില്ലാതെ സ്വീകരിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിനോയ് വിശ്വമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇത് തുടര്‍ന്നാണ് 139എഎ വകുപ്പില്‍ സുപ്രീം കോടതി ഇളവ് വരുത്തിയത്.