മുംബൈ: സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ഹാജി അലി ദര്‍ഗയില്‍ പ്രവേശനം നിഷേധിച്ചു. ദര്‍ഗയുടെ പടിക്കല്‍ പോലീസ് തൃപ്തിയെയും സംഘത്തെയും തടയുകയായിരുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് പോലീസ് തൃപ്തിയെ തടഞ്ഞത്.
പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി തൃപ്തിയും സംഘവും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വസതിയിലേക്ക് പോയി. മുഖ്യമന്ത്രി തങ്ങളെ കാണാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ ധര്‍ണ ആരംഭിക്കുമെന്ന് തൃപ്തി ദേശായി പറഞ്ഞു.
മുസ്ലിം സംഘടനകളുടെയും ശിവസേനയുടെയും എതിര്‍പ്പുകളെ അവഗണിച്ചാണ് തൃപ്തി ഇന്ന് ഹാജി അലി ദര്‍ഗയില്‍ എത്തിയത്. തന്നെയും തനിയ്‌ക്കൊപ്പമുള്ള മുസ്ലിം-അമുസ്ലിം സ്ത്രീകളെയും ദര്‍ഗയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു തൃപ്തിയുടെ ആവശ്യം.
ഹാജി അലി ദര്‍ഗ എല്ലാവര്‍ക്കും, തുല്യമായ പ്രവേശനമാണ് സമത്വം തുടങ്ങിയ വാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് ഭൂമാതാ ബ്രിഗേഡ് സംഘം ദര്‍ഗയില്‍ എത്തിയത്. ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു.
തൃപ്തി ദേശായി ദര്‍ഗയില്‍ പ്രവേശിച്ചാല്‍ അവര്‍ക്ക് നേരെ കരിമഷിയൊഴിക്കുമെന്ന് എ.ഐ.എം.ഐ.എം. നേതാവ് ഹാജി റാഫത്ത് ഹുസൈന്‍ പറഞ്ഞിരുന്നു. ഹാജി റാഫത്തിനെ കൂടാതെ ശിവസേന നേതാവ ഹാജി അറഫാത്ത്, സമാജ് വാദി പാര്‍ട്ടി നേതാവ് അസിം ആസ്മി തുടങ്ങിയ പ്രമുഖ മുസ്ലിം നേതാക്കളും ദര്‍ഗയിലെത്തിയിരുന്നു.
പുരുഷന്‍മാര്‍ക്ക് പ്രവേശനമുള്ള എല്ലാ സ്ഥലങ്ങളിലും സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നതാണ് ഭൂമാതാ ബ്രിഗേഡിന്റെ ആവശ്യം. പരമോന്നത നീതിപീഠം വരെയെത്തിയ നിയമപോരാട്ടത്തിലൂടെ അനുകൂല വിധി സമ്പാദിച്ച തൃപ്തി ദേശായി നൂറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു.