ന്യൂഡല്‍ഹി: ജെഎന്‍യു പ്രതിഷേധത്തെ അനുകൂലിച്ച് പുറത്ത് വന്ന ട്വിറ്റര്‍ സന്ദേശം തന്റേതല്ലെന്ന് ലഷ്‌കറെ തയ്ബ നേതാവ് ഹാഫിസ് സയീദ്. വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്ന സന്ദേശം ഉപയോഗിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വിഡ്ഡികളാക്കിയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
കൂടാതെ തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചുകൊണ്ടുള്ള വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കശ്മീരിലെ യുവാക്കള്‍ ആരുടെയും നിര്‍ദേശ പ്രകാരമല്ല പ്രവര്‍ത്തിക്കുന്നത്. മുംബൈ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി സയീദ് ആരോപിച്ചു.
ജെഎന്‍യു സഹോദരര്‍ക്ക് പിന്തുണ നല്‍കണം എന്നാവശ്യപ്പെട്ടാണ് സയീദിന്റെ പേരില്‍ ട്വിറ്റര്‍ സന്ദേശം വന്നിരുന്നത്. ഹാഫിസ് സയീദിന്റെ പേരില്‍ ട്വിറ്റര്‍ സന്ദേശം പുറത്തുവന്നയുടനെ ഡല്‍ഹി പൊലീസ് മുന്നറിപ്പ് നല്‍കിയിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ഹാഫിസ് സയ്ദിന്റെ പേരില്‍ വന്ന ട്വിറ്റിനെ അടിസ്ഥാനമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീടിത് വ്യാജമാണെന്ന ആരോപണത്തിനിടെയാണ് സയീദ് രംഗത്ത് വന്നിരിക്കുന്നത്.