ഗുവഹാത്തി: ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങി 101 അടി നീളമുള്ള ദുര്‍ഗാ പ്രതിമ.ലോകത്തില്‍ തന്നെ മുള കൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ ദുര്‍ഗാ രൂപമാണ് ഇതെന്നാണ് നിര്‍മ്മാണത്തിനു പിന്നിലുള്ളവരുടെ അവകാശവാദം.
5000 മുളകള്‍ ഉപയോഗിച്ച് ആര്‍ട്ട് ഡയറക്ടര്‍ നൂറുദ്ദീന്‍ അഹമ്മദിന്റെ മേല്‍നോട്ടത്തില്‍ 40 പേരുടെ സംഘമാണ് ഗുവഹാത്തിയിലെ ബിഷ്ണുപൂര്‍ സര്‍ബോജനിന്‍ ദുര്‍ഗാ പൂജ കമ്മിറ്റിക്ക് വേണ്ടി ദുര്‍ഗാ വിഗ്രഹ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഒരു തരത്തിലുമുള്ള ലോഹങ്ങളും പ്ലാസ്റ്റിക്കും ഉപയോഗിക്കാതെ പൂര്‍ണമായും ഗോ ഗ്രീന്‍ ആശയത്തിലാണ് വിഗ്രഹം നിര്‍മ്മിച്ചതെന്ന് നൂറുദ്ദീന്‍ പറഞ്ഞു. 110 അടി നീളമുള്ള പ്രാഥമിക രൂപമാണ് ആദ്യം നിര്‍മ്മിച്ചതെങ്കിലും അതിനിടെ ഉണ്ടായ ശക്തമായ കാറ്റില്‍ അത് തകരുകയായിരുന്നു. പിന്നീടാണ് 101 അടി നീളമുള്ള രൂപം ഉണ്ടാക്കിയത്. ആറ് ദിവസം കൊണ്ടാണ് ദുര്‍ഗാ രൂപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് നൂറുദ്ദീന്‍ പറഞ്ഞു.
ദുര്‍ഗ പൂജയ്ക്ക് വേണ്ടി 1975 മുതലാണ് താന്‍ വിഗ്രഹങ്ങള്‍ നിര്‍മിച്ചു തുടങ്ങിയത്, ഇസ്ലാം മതവിഭാഗത്തിലുള്ള താന്‍ എന്തിനാണ് ദുര്‍ഗാ പൂജയ്ക്ക് വേണ്ടി വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന ചോദ്യങ്ങള്‍ പലതവണ തനിക്കു നേരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഒരു കലാകാരന് മതമോ ജാതിയോ വിഷയമല്ലെന്നും മനുഷ്യനെ സേവിക്കുകയെന്നതാണ് തന്റെ മതമെന്നും നൂറുദ്ദീന്‍ പറഞ്ഞു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നിര്‍മ്മിച്ച ദുര്‍ഗാ രൂപം പൂജാ ആഘോഷദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും.