ഗുരുഗ്രാം: പ്രായപൂര്‍ത്തിയാവാത്ത മകളെ ആറ് മാസത്തിലധികമായി പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ പട്ടോടിയിലാണ് സംഭവം. അച്ഛനും മകളും തമ്മില്‍ ലൈംഗിക ബന്ധം സര്‍വ്വ സാധാരണമാണെന്ന് തെറ്റിധരിപ്പിച്ചാണ് 13 കാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചത്. എല്ലാ വീടുകളിലും ഇത് നടക്കുന്നതാണെന്നായിരുന്നു അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്.
അച്ഛന്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുന്ന കാര്യം പെണ്‍കുട്ടി രണ്ടാനമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ അത് വിശ്വസിക്കാന്‍ തയാറായില്ല. എന്നാല്‍, കഴിഞ്ഞ ദിവസം മകള്‍ പറഞ്ഞതിന്റെ വസ്തുത അറിയുന്നതിനായി ജോലി സ്ഥലത്തുനിന്ന് നേരത്തെ വരികയും സംഭവം നേരില്‍ കാണുകയുമായിരുന്നു. തുടര്‍ന്ന് അവര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ആറ് മാസത്തിലധികമായി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നെന്ന് സമ്മതിച്ചത്. എന്നാല്‍, യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു പ്രതിയുടെ പെരുമാറ്റമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പൂനം സിങ് അറിയിച്ചു.
ബിഹാര്‍ സ്വദേശിയായ പ്രതി ഗുരുഗ്രാമിലെ പട്ടോടിയിലെ ഫാക്ടറി ജീവനക്കാരനാണ്. ഇയാള്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് വിശദമായ മൊഴിയെടുത്തു. തുടര്‍ന്ന് കൗണ്‍സിലിങിന് വിധേയമാക്കിയ പെണ്‍കുട്ടിയെ രണ്ടാനമ്മയ്‌ക്കൊപ്പം അയച്ചു.