ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടാവുമെന്ന് അന്വേഷണ സംഘം


നേപ്പാളില്‍ എവിടെയാണ് ഹണിപ്രീത് ഉള്ളതെന്നതിനെ സംബന്ധിച്ച് വിശ്വസനീയ വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ്

ചണ്ഡിഗഢ്: ബലാത്സംഗ കേസില്‍ കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ച ഡേര സച്ഛ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് നേപ്പാളിലേക്ക് കടന്നിട്ടുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. ഹണി പ്രീതിനെ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ നേപ്പാളിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡേര സച്ഛ സൗധ ഉദയ്പൂര്‍ ആശ്രമ ചുമതലയുള്ള പ്രദീപ് ഗോയല്‍ എന്നയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹണി പ്രീത് നേപ്പാളിലേക്ക് കടന്നു കളഞ്ഞെന്ന സൂചന ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി.

കേസില്‍ വിധി വരുന്ന ദിസം പഞ്ച്കുളയിലെ സിബിഐ കോടതിക്ക് മുന്നിലെത്താന്‍ തനിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും അവിടെയെത്തുന്ന ഓരോരുത്തര്‍ക്കും 25000 രൂപ വീതം ഗുര്‍മീത് വാഗ്ദാനം ചെയ്തുവെന്നും പ്രദീപ് പോലീസിന് മൊഴി നല്‍കി.

നേരത്തെ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നും പഞ്ചാബ് റജിസ്‌ട്രേഷനിലുള്ള വാഹനം പിടികൂടിയിരുന്നു. ഇത് ഹണിപ്രീത് രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനാമാണെന്ന് സൂചനയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു.

അതേസമയം നേപ്പാളില്‍ എവിടെയാണ് ഹണിപ്രീത് ഉള്ളതെന്ന് സംബന്ധിച്ച് വിശ്വസനീയമായ വിവരം ലഭിച്ചിട്ടില്ലെന്നും അത് കണ്ടെത്തുന്നതിനാവും തുടരന്വേഷണമെന്നും പോലീസ് വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram