അഹമ്മദാബാദ്: സഹപാഠികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഹര്‍ഷവര്‍ധന്‍ സല എന്ന പതിനാലുകാരന്‍ നേടിയത് അഞ്ച് കോടിയുടെ കരാറാണ്. അതും ഗുജറാത്ത് സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് വേണ്ടി യുദ്ധ മുഖത്ത് ഉപയോഗിക്കുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍.
യുദ്ധ മുഖത്ത് മൈനുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനും സഹായിക്കുന്ന ഡ്രോണുകളാണ് സല വികസിപ്പിച്ചെടുത്തിരിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സബ്മിറ്റിലാണ് സല തന്റെ ഡ്രോണുകള്‍ അവതരിപ്പിച്ചത്.
ഇതിനെ തിടര്‍ന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും ഹര്‍ഷവര്‍ധന്‍ സലയും ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. ഡ്രോണിന്റെ മൂന്ന് വ്യത്യസ്ത രൂപരേഖകളാണ് സില തയ്യാറാക്കിയിരിക്കുന്നത്.
മൈനുകള്‍ കണ്ടെത്തുന്ന ഡ്രോണ്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത് 2016ലാണെന്ന് സല പറഞ്ഞു. മൈനുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിലൂടെ നിരവധി സൈനികര്‍ മരിക്കുന്നതായും പരിക്കുപറ്റുന്നതായും ഞാന്‍ ടെലിവിഷനില്‍ കണ്ടതാണ് ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിന് പ്രചോദനം നല്‍കിയതെന്നും സല പറഞ്ഞു.
അഞ്ചു ലക്ഷത്തില്‍ താഴെമാത്രം ചിലവിലാണ് സല തന്റെ ഡ്രോണുകള്‍ നിര്‍മിച്ചത്. ആദ്യ രണ്ടു ഡ്രോണുകളുടെ നിര്‍മാണത്തിനായി സലയുടെ മാതാപിതാക്കള്‍ രണ്ടു ലക്ഷം രൂപ ചിലവിട്ടു. മൂന്നാമത്തെ പ്രഥമ മാതൃക നിര്‍മിക്കാനുള്ള പണം സംസ്ഥാന സര്‍ക്കാരും നല്‍കി.