ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവില്‍വന്ന ശേഷമുള്ള വിലമാറ്റം ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ രേഖപ്പെടുത്തണമെന്ന കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. വിലമാറ്റം രേഖപ്പെടുത്താത്തപക്ഷം ഒരുലക്ഷം രൂപവരെ പിഴയോ തടവുശിക്ഷയോ ലഭിച്ചേക്കാമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി റാം വിലാസ് പാസ്വാന്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ സംഭരിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ വിലമാറ്റം രേഖപ്പെടുത്തി സെപ്റ്റംബറിനകം വിറ്റഴിക്കണം.
ജി.എസ്.ടി നിലവില്‍വന്നതോടെ ചില ഉല്‍പ്പന്നങ്ങളുടെ വില കൂടുകയും ചിലതിന്റേത് കുറയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഭരിച്ചിട്ടുള്ള ഉത്പന്നങ്ങള്‍ക്കുമേല്‍ വിലമാറ്റം വ്യക്തമായി രേഖപ്പെടുത്താന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
കമ്പനികള്‍ വിലമാറ്റം രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. നിര്‍ദ്ദേശം അവഗണിക്കുന്നവര്‍ക്ക് ആദ്യം 25000 രൂപയാവും പിഴ ചുമത്തുക. രണ്ടാംഘട്ടത്തില്‍ 50,000 രൂപ പിഴ ചുമത്തും. വീണ്ടും അവഗണിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപവരെ പിഴയോ ഒരുവര്‍ഷംവരെ തടവുശിക്ഷയോ ലഭിച്ചേക്കുമെന്ന് കേന്ദ്രമന്ത്രി പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഉപസമിതി രൂപവത്കരിച്ചുവെന്നും പാസ്വാന്‍ വ്യക്തമാക്കി. നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഹെല്‍പ്പ് ലൈനുകളുടെയെണ്ണം 14 ല്‍നിന്ന് 60 ആയി വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംശയങ്ങളുന്നയിച്ച് 700 ഓളം ഫോണ്‍വിളികളാണ് ഇതുവരെ ലഭിച്ചത്. പല സംശയങ്ങള്‍ക്കും വിദഗ്ദ്ധരുടെ സഹായത്തോടെയാണ് മന്ത്രാലയം മറുപടി നല്‍കിയത്.