ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകാമെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവില്‍ ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഇല്ലെന്നും അവര്‍ പറഞ്ഞു. സാമ്പത്തിക രംഗത്തെക്കുറിച്ച് രാജ്യഭയില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറപടി പറയുകയായിരുന്നു അവര്‍.
സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 2014 മുതലുള്ളകാലത്ത് മികച്ച വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് മുന്‍ സര്‍ക്കാരുകളുടെ കാലത്തെ സാമ്പത്തിക വളര്‍ച്ചാനിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. 2009-2014 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനമായിരുന്നത് 2014-2019 കാലത്ത് 7.5 ശതമാനമായി ഉയര്‍ന്നതായും അവര്‍ വ്യക്തമാക്കി.
ബാങ്കിങ് രംഗത്ത് ഉണര്‍വ് സൃഷ്ടിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ബിജെപി നേതാവ് അശ്വനി യാദവും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കെതിരെ വാദങ്ങളുമായി രംഗത്തെത്തി. സാമ്പത്തിക തളര്‍ച്ച എന്നത് ഘടനാപരമായ കാര്യമല്ല, മറിച്ച് ചാക്രിക സ്വഭാവത്തിലുള്ളതാണ്. 2020-ഓടെ ഇത് അവസാനിക്കും- അദ്ദേഹം പറഞ്ഞു.
Content Highlights: Growth might have come down; India will not face recession ever- Finance Minister Nirmala Sitharaman