ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്ക് കീഴില്‍ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക ദുരുപയോഗം ചെയ്യുന്ന കേസുകളും തൊഴിലാളി പീഡന കേസുകളും വര്‍ധിച്ച സാഹചര്യത്തില്‍ ഇത് തടയുന്നതിനാണ് എന്‍.ഐ.ഐക്ക് കീഴില്‍ പുതിയ യൂണിറ്റ് തുടങ്ങുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ തുടങ്ങുന്ന പദ്ധതിക്ക് നിര്‍ഭയ ഫണ്ടില്‍ നിന്ന് 324 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തമുള്ള കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നതിനും അന്വേഷണം ഏകോപിപ്പിക്കുന്നതിനുമായി എന്‍.ഐ.എക്ക് സമാനമായ ഒരു ഏജന്‍സിയെ നിയോഗിക്കണമെന്ന് നേരത്തെ വനിതാ ശിശു ക്ഷേമ വികസന മന്ത്രലായം ആഭ്യന്ത്ര മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ് തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ യൂണിറ്റ് എന്‍.ഐ.എക്ക് കീഴിലായിരിക്കുമെന്നതിന് അന്തിമ തീരുമാനമായിട്ടില്ല. എന്‍.ഐ.എക്ക് കീഴിലാകാനാണ് സാധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.
കൂടാതെ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും ഇക്കാര്യത്തില്‍ തേടും. വിദേശത്തേക്ക് കടത്തിക്കൊണ്ടുപോകുന്ന തൊഴിലാളികളെ കുറിച്ചടക്കമുള്ള വിവരങ്ങള്‍ മന്ത്രാലയത്തില്‍ നിന്ന് ശേഖരിക്കും. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ചായിരിക്കും പുതിയ അന്വേഷണ ഏജന്‍സി രൂപപ്പെടുത്തുക.
Share this Article
Related Topics