ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നതിനുവേണ്ടി നികുതി കുറയ്ക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോയെന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
പെട്രോളും ഡീസലും ചരക്ക് സേവന നികുതി (ജി.എസ്.ടി) യുടെ പരിധിയില്‍ കൊണ്ടുവരുന്നകാര്യം ജി.എസ്.ടി കൗണ്‍സില്‍യോഗം ചര്‍ച്ച ചെയ്തുവോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി മറുപടി നല്‍കി. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിനുശേഷം ധനമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോഴാണ് പെട്രോള്‍, ഡീസല്‍ വില നിയന്ത്രണം സംബന്ധിച്ച ചോദ്യം ഉയര്‍ന്നതെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
രാജ്യത്തെ ഇന്ധനവില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയ സാഹചര്യത്തില്‍ പെട്രോളും ഡീസലും അടക്കമുള്ളവ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അടക്കമുള്ളവര്‍ ആവശ്യം ഉന്നയിച്ചിരുന്നു.
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി.യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിപ്പെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുമായി സമവായമുണ്ടായ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്നും രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.
Share this Article
Related Topics