ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ രണ്ടര രൂപയുടെ കുറവ് വരുത്തിയ നടപടിയിലൂടെ മോദി സര്‍ക്കാര്‍ ജനക്ഷേമത്തിനൊപ്പമെന്ന് തെളിയിച്ചതായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വില കുറയ്ക്കാന്‍ തയ്യാറായ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ അഭിനന്ദിക്കുന്നതായും അമിത് ഷാ പറഞ്ഞു.
ഇന്ധനവില കുറച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചതിന് പിന്നാലെ നടപടിയെ സ്വാഗതം ചെയ്യുന്നതായി അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. ജനങ്ങളുടെ താല്‍പര്യം മനസ്സിലാക്കി ഇത്തരമൊരു തീരുമാനം കൈക്കൊണ്ട മോദി സര്‍ക്കാരിനെയും ഇന്ധനവില കുറയ്ക്കാന്‍ തയ്യാറായ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാന സര്‍ക്കാരുകളെയും മുഖ്യമന്ത്രിമാരെയും അഭിനന്ദിക്കുന്നതായും അമിത് ഷാ പറഞ്ഞു.
അതിനിടെ, കേന്ദ്രത്തിനൊപ്പം സംസ്ഥാന സര്‍ക്കാരുകളും രണ്ടര രൂപ കുറയ്ക്കാന്‍ തയ്യാറാകുന്ന പക്ഷം ഇന്ധനവിലയില്‍ ജനങ്ങള്‍ക്ക് അഞ്ച് രൂപയുടെ ആശ്വാസം ലഭിക്കുമെന്ന് ബി.ജെ.പി വക്താവ് സമ്പിത് പത്ര പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ദേശീയ വിഭവങ്ങള്‍ എണ്ണക്കമ്പനികള്‍ക്ക് പണയം വെക്കാനൊരുങ്ങിയപ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ധനവില കുറച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്തതെന്നും സമ്പിത് പത്ര പറഞ്ഞു.
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് പ്രഖ്യാപിച്ചിരുന്നു. നികുതിയിനത്തില്‍ ഒന്നര രൂപ കേന്ദ്രം കുറയ്ക്കുന്നതോടൊപ്പം ഒരു രൂപ പെട്രോള്‍ കമ്പനികളും കുറയ്ക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. വില കുറച്ചത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുകളും രണ്ടര രൂപ മൂല്യവര്‍ധിത നികുതിയില്‍ ഇളവ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ വില കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനം ചോദിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
Content Highlights: Fuel price cut shows Modi government's sensitivity to people's welfare says Amit Shah