ലഖ്‌നൗ: രാജ്യസഭാ എംപിയും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവമായ അമര്‍ സിങ് ബിജെപിയില്‍ ചേരുമെന്ന് സൂചന. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അമര്‍നാഥ് ബിജെപിയിലേക്ക് എത്തുകയാണെന്ന് അഭ്യൂഹങ്ങള്‍ ശക്തമായത്.
ഞായറാഴ്ച ലഖ്‌നൗവിലെ 60,000 കോടി രൂപയുടെ 81 പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുന്‍ നിരയിലായിരുന്നു അമര്‍ സിങ്ങിന്റെ സ്ഥാനം. ഇലക്ട്രിക് ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിലും യോഗി ആദിത്യനാഥിനൊപ്പം അമര്‍ സിങ്ങുമുണ്ടായിരുന്നു. ഇതിനൊക്കെ ശേഷമാണ് യോഗി ആദിത്യനാഥുമായി അമര്‍ സിങ് കൂടിക്കാഴ്ച നടത്തിയത്.
ഇന്ദിരാഗാന്ധി പ്രതിസ്ഥാനിലെ ഉദ്ഘാടന പ്രസംഗത്തിനിടെ മോദി 'അതിഥിയായെത്തിയ അമര്‍സിങ്' എന്ന് പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞകാലങ്ങളില്‍ വ്യവസായികള്‍ നടത്തിയ പിന്‍വാതില്‍ യോഗങ്ങളെക്കുറിച്ചൊക്കെ അമര്‍സിങ്ങിന് നന്നായി അറിയാവുന്നതാണല്ലോ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. വ്യവസായികളുമായി തനിക്കുള്ള അടുപ്പത്തെ വിമര്‍ശിച്ചുള്ള കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു മോദിയുടെ വാക്കുകള്‍.
ബിജെപിയില്‍ ചേരാന്‍ തനിക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് അമര്‍ സിങ് പിന്നീട് പ്രതികരിച്ചു. ബിജെപിയിലേക്ക് പോകണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് താനോ ബിജെപി അധ്യക്ഷന്‍ അമിത് ഷായോ ആണെന്നും അമര്‍സിങ് കൂട്ടിച്ചേര്‍ത്തു. താന്‍ മോദിയുടെ ആരാധകനാണെന്നും എക്കാലവും അങ്ങനെതന്നെയായിരിക്കുമെന്നും അമര്‍ സിങ് പറഞ്ഞിട്ടുണ്ട്.
content highlights: Former Samajwadi Party leader Amar Singh is likely to join BJP, Amar Singh, Amit Shah, Yogi Aditya Nath