ന്യൂഡല്‍ഹി: പാവപ്പെട്ടവന്റെ ഉന്നമനത്തിനായി മാറ്റിവെയ്ക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രമേ അവരിലേക്ക് എത്തിച്ചേരുന്നുള്ളൂ; മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1985-ല്‍ പറഞ്ഞ ഈ വാക്കുകള്‍ ഉദ്ധരിച്ച് സുപ്രീംകോടതി. ആധാറിലൂടെ ഈ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാനാകുമെന്നും ജസ്റ്റിസ് എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് ചൂണ്ടിക്കാട്ടി. ആധാര്‍ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം പരാമര്‍ശിച്ചത്.
ക്ഷേമപദ്ധതികളില്‍ ഇല്ലാത്തവരും അനര്‍ഹരുമായ ധാരാളം ആളുകള്‍ ആനുകൂല്യം പറ്റുന്നുണ്ട്. പാവപ്പെട്ടവന്റെ ഉന്നമനത്തിനായി മാറ്റിവെയ്ക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രമേ അവരിലേക്ക് എത്തിച്ചേരുന്നുള്ളൂ എന്ന് ഒരു മുന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യ സാമ്പത്തികമായി വളര്‍ച്ച കൈവരിക്കുമ്പോഴും 'പാവപ്പെട്ടവരില്‍ പാവപ്പെട്ടവരി'ലേക്ക് ഇതൊന്നും എത്തിച്ചേരുന്നില്ല.
അര്‍ഹരെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ക്ഷേമപ്രവര്‍ത്തനങ്ങളുടെ മുന്നിലെ ഏറ്റവും വലിയ തടസം. ക്ഷേമനിധികള്‍ അനര്‍ഹരിലേക്ക് എത്തിച്ചേരുന്നത് തടയാന്‍ ആധാറിലൂടെ സാധിക്കുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ഒഡീഷയിലെ കാലഹന്ദിയില്‍ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെയാണ് രാജീവ് ഗാന്ധി ഇക്കാര്യം പറഞ്ഞത്.
Share this Article
Related Topics