റാഞ്ചി: മനുഷ്യക്കടത്തിനെതിരേ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ചു സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
ചൊവ്വാഴ്ച വൈകുന്നേരം കോചങ് ബ്ലോക്കിലെ ആര്‍സി മിഷന്‍ സ്‌കൂളിനു സമീപം തെരുവുനാടകം കളിക്കുകയായിരുന്ന 11 പേരടങ്ങുന്ന സംഘത്തെയാണ് ആയുധധാരികള്‍ ആക്രമിച്ചത്. തുടര്‍ന്ന് സ്ത്രീകളെ ബലംപ്രയോഗിച്ച് കാറിനുള്ളില്‍ കയറ്റി ജനവാസമില്ലാത്ത സ്ഥലത്തെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ ഇവര്‍ വിട്ടയച്ചിരുന്നു.
അക്രമികള്‍ ബലാല്‍സംഗ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനൊപ്പം സംഭവം പുറത്തു പറഞ്ഞാല്‍ ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി റാഞ്ചി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എവി ഹോംകര്‍ പറഞ്ഞു.
മൂന്നുമണിക്കൂറിനു ശേഷമാണ് യുവതികളെ വിട്ടയച്ചത്. കുറ്റവാളികളെ കണ്ടെത്താനായി മൂന്ന് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചിലരെ ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പ്രതികള്‍ ജാര്‍ഖണ്ഡിലെ പതല്‍ഗഡി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നവരാണെന്നാണ് പോലീസ് കരുതുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിരാകരിക്കുന്ന ഈ കൂട്ടം തങ്ങളുടെ ഗ്രാമസഭയാണ് പരമാധികാരം എന്നു വിശ്വസിക്കുന്നവരാണ്. ഇവർ സർക്കാർ പ്രതിനിധികളെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കാറില്ല.
Share this Article
Related Topics