മുംബൈ: മുന്‍കാല ബോളിവുഡ് താരം രാജ്കപൂർ സ്ഥാപിച്ച മുംബൈയിലെ ആര്‍ കെ സ്റ്റുഡിയോയില്‍ തീപിടിത്തം. ആളപായമില്ല. ഉച്ച കഴിഞ്ഞ് 2.22 ഓടെ ആയിരുന്നു തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തുകയും തീയണക്കുകയും ചെയ്തു.
നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ മുന്‍കാല ബോളിവുഡ് താരം രാജ്കപൂറാണ് ആര്‍ കെ സറ്റുഡിയോ സ്ഥാപിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.
സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷനിലെ സെറ്റിലായിരുന്നു തീപിടിത്തം. ശനിയാഴ്ച ആയിരുന്നതിനാല്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ആരും തീപിടിത്തമുണ്ടായ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല.
ചെമ്പൂരിലാണ് ആര്‍ കെ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. 1948 ലാണ് സ്റ്റുഡിയോ സ്ഥാപിതമായത്. മുറിയിലെ വയറിങ്ങും മറ്റു വസ്തുവകകളും കത്തിനശിച്ചതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരക്കേറിയ പ്രദേശമായതിനാല്‍ അപകടത്തെ തുടര്‍ന്ന് പരിസരത്ത് ഗതാഗതം സ്തംഭിച്ചു.
Share this Article
Related Topics