ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികള്‍ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ സേനാംഗങ്ങള്‍ക്ക് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസി (ഐ.ടി.ബി.പി) ന്റെ നിര്‍ദ്ദേശം. പാക് ചാരന്മാരും ഭീകരരും രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത കണക്കിലെടുത്താണിത്. സുപ്രധാന മേഖലകളില്‍ നിയോഗിച്ചിട്ടുള്ള സൈനികര്‍ പ്രത്യേക മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന നിര്‍ദ്ദേശവും ഐ.ടി.ബി.പി ഡയറക്ടര്‍ ജനറല്‍ കൃഷ്ണ ചൗധരി നല്കി.
പാകിസ്താനും ചൈനയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ പെണ്‍കുട്ടികളെന്ന വ്യാജേന ഫെയ്സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് സൈനികരുമായി ബന്ധം സ്ഥാപിക്കുന്നതെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. സൈനികരുമായി സൗഹൃദം സ്ഥാപിക്കുന്ന ചാരന്മാര് സംഭാഷണം തുടരാന്‍ പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ് പതിവ്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ജി.പി.എസ് ലോക്കോഷന് അടക്കമുള്ള വിവരങ്ങളും ഫോണില്‍ സൂക്ഷിച്ചിട്ടുള്ള സുപ്രധാന വിവരങ്ങളും ചോര്‍ത്തിയെടുത്താന്‍ ചാരന്മാര്ക്ക് കഴിയും. പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്കും നിരവധി ഭീകര സംഘടനകള്ക്കുംവേണ്ടിയാണ് ഇത്തരം ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്ന വിവരം അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.
നിയന്ത്രണ രേഖയിലെ 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രദേശം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ സംരക്ഷണത്തിലാണ്. പ്രദേശത്ത് വിന്യസിച്ചിട്ടുള്ള സൈനികരില്‍നിന്ന് സുപ്രധാന വിവരങ്ങള്‍ ചോരുന്നത് അപകടകരമാണെന്ന് വിലയിരുത്തിയാണ് ഐ.ടി.ബി.പി ഡയറക്ടര്‍ സൈനികര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.