ഹൈദരാബാദ്: ബന്ധുക്കള്‍ തട്ടിയെടുത്ത ഇരുപത്തഞ്ച് ഏക്കര്‍ ഭൂമി തിരിച്ചു കിട്ടാന്‍ ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പം തെരുവില്‍ ഭിക്ഷയാചിച്ച് കര്‍ഷന്‍. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലക്കാരനായ മന്യം വെങ്കടേശ്വരുലുവാണ് കുടുംബത്തിനൊപ്പം ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയത്.
ബന്ധുക്കള്‍ തട്ടിയെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന രേഖകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവ വിട്ടു നല്‍കാന്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാനാണ് ഭിക്ഷ യാചിക്കുന്നതെന്നും വെങ്കടേശ്വരലു പറഞ്ഞു. പ്രതിഷേധത്തിന്റെയും അഴിമതി തുറന്നുകാണിക്കുന്നതിന്റെയും ഭാഗമായാണ് ഭിക്ഷ യാചിച്ച് തെരുവിലിറങ്ങിയതെന്നും വെങ്കടേശ്വരലുവിനെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഭിക്ഷാപാത്രവും ബാനറുമായാണ് വെങ്കടേശ്വരലുവിന്റെയും മക്കളുടെയും സമരം. തങ്ങള്‍ നിരാഹാരസമരത്തിലാണെന്ന് വ്യക്തമാക്കുന്ന ബാനറും വെങ്കടേശ്വരലുവും കുടുംബവും സ്ഥാപിച്ചിട്ടുണ്ട്. വെസ്റ്റ് ഗോദാവരി ജില്ലയിലെ മാതവാരത്തുള്ള തന്റെ ഇരുപത്തഞ്ച് ഏക്കര്‍ ഭൂമി ബന്ധുക്കള്‍ തട്ടിയെടുത്തതായും മുമ്പ് അവിടെ ജോലി ചെയ്തിരുന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയാണ് ഇത് കൈവശപ്പെടുത്തിയതെന്നുമാണ് വെങ്കടേശ്വരലുവിന്റെ ആരോപണം.
രേഖകളെ കുറിച്ച് ചോദിച്ചപ്പോള്‍ അവ ജില്ലാ കളക്ടറുടെ കൈവശം ഇരിക്കുകയാണെന്നും എപ്പോള്‍ വേണമെങ്കിലും ബന്ധുക്കള്‍ക്ക് കൈമാറിയേക്കാമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചതായും വെങ്കടേശ്വരലു കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് കൈക്കൂലി നല്‍കി രേഖകള്‍ സ്വന്തമാക്കാന്‍ വെങ്കടേശ്വരലു തീരുമാനിച്ചത്. തുടര്‍ന്നാണ് ഇതിനു പണം സമ്പാദിക്കാന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഭിക്ഷ യാചിക്കാനിറങ്ങിയത്.
അതേസമയം വെങ്കടേശ്വരലുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കര്‍ണൂല്‍ ജില്ലാ കളക്ടര്‍ പ്രതികരിച്ചു. വകുപ്പിനെ അപമാനിച്ചതിന് വെങ്കടേശ്വരലുവിനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടെങ്കില്‍ വെങ്കടേശ്വരലു കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
content highlights: Farmer from andhra pradesh begging with family in streets to arrange bribe for revenue official