ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണിക്കെതിരെ അണിനിരക്കാന്‍ സൈന്യത്തിന് രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികളുടെ പിന്തുണ. പുല്‍വാമയില്‍ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന സര്‍വ കക്ഷിയോഗത്തിലാണ് തീരൂമാനം.
സുരക്ഷാ സേനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സര്‍വകക്ഷിയോഗത്തില്‍ തീവ്രവാദത്തിനെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം എല്ലാവരും അംഗീകരിച്ചു. പ്രമേയം പുല്‍വാമ ആക്രമത്തെ ശക്തമായി അപലപിച്ചു.
പ്രമേയത്തില്‍ പാകിസ്താന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അയല്‍രാജ്യത്തെ ശക്തികളാണ് ആക്രമണത്തിന്റെ പിന്നിലെന്ന് വ്യക്തമാക്കുന്നുണ്ട്. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അണിനിരക്കാനും സൈന്യത്തോടൊപ്പം അണിചേരുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ സുദീപ് ബന്ധോപാധ്യായ, ഡെറക് ഒബ്രയാന്‍, എന്നിവരും സഞ്ജയ് റാവുത് (ശിവസേന), ഡി,രാജ (സി.പി.ഐ), ഫാറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), രാംവിലാസ് പാസ്വാന്‍ (എല്‍.ജെ.പി), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ്) തുടങ്ങിയവരും പങ്കെടുത്തു.
യോഗത്തില്‍ തീവ്രവാദത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിച്ചതായി ആഭ്യന്തര വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന് ശേഷം കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച രാജ്‌നാഥ് സിങ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.
content highlights: Entire Nation united In One Voice, stands behing Army, All party meeting resolution